---
title: "കവിതയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി"
english_title: "Koothali Kavitha Funeral Tearful Farewell Shafi Parambil Thomas Isaac Visit Family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391898/koothali-kavitha-funeral-shafi-parambil-thomas-isaac-visit"
published_at: "2026-11-16T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb30802495b_ytu.JPG"
keywords: []
---

# കവിതയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

> **Lead Summary:** പേരാമ്പ്ര: കൂത്താളിയില്‍ വീട് ജപ്തി നടപടികള്‍ക്കിടെ ജീവനൊടുക്കിയ കുടുംബനാഥ കൂത്താളി കുഞ്ഞോത്ത് കൊയ്യോടന്‍കണ്ടി കവിതയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.

## Article Content

പേരാമ്പ്ര: കൂത്താളിയില്‍ വീട് ജപ്തി നടപടികള്‍ക്കിടെ ജീവനൊടുക്കിയ കുടുംബനാഥ കൂത്താളി കുഞ്ഞോത്ത് കൊയ്യോടന്‍കണ്ടി കവിതയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.

നടുവണ്ണൂരിലെ ബാങ്കിനു മുന്‍പില്‍ മൃതദേഹവുമായി കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമായിരുന്നു കവിതയുടെ ഭൗതിക ശരീരം കൂത്താളിയിലെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചത്. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കവിതയെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലി വീട്ടില്‍ എത്തിയിരുന്നു.

അമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ എത്തിയപ്പോള്‍ മക്കളുടെ കരച്ചില്‍ കണ്ടു നാട്ടുകാരും വിതുമ്പി. മൂത്ത മകള്‍ തേജശ്രീ അമ്മയെ കൊണ്ടുപോകല്ലേ എന്ന് പറഞ്ഞ് നിലവിളിച്ചത് കണ്ടവരുടെയെല്ലാം കണ്ണുകള്‍ നിറച്ചു. ഇളയ മകള്‍ ആര്യശ്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വിതുമ്പി. അമ്മയ്ക്ക് അവസാന മുത്തം നല്‍കിയ 2 മക്കളെയും കുടുംബാംഗങ്ങള്‍ പറിച്ചു മാറ്റുകയായിരുന്നു. നാട്ടുകാരും നിയന്ത്രണം വിട്ട് കരഞ്ഞു.

കവിതയുടെ സംസ്‌കാര ചടങ്ങില്‍ കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അടക്കം ആയിരങ്ങള്‍ പങ്കെടുത്തു. സര്‍ഫാസി വിരുദ്ധ സമര സമിതി പ്രവര്‍ത്തകരും വിമോചന മുന്നണി പ്രവര്‍ത്തകരും കവിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്മദ്, എസ്.കെ. സജീഷ്, മെമ്പര്‍മാരായ ഇ.ടി. സത്യന്‍, എന്‍.എം. മണി, എസ്. ബിജു, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായ ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, രാജന്‍ കെ. പുതിയേടത്ത്, കെ.എ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും അന്തിമോപചാരമര്‍പ്പിച്ചു.

കവിതയുടെ വീട്ടില്‍ ഇന്നലെ വടകര എംപി ഷാഫി പറമ്പില്‍, മുന്‍ മന്ത്രിമാരായ തോമസ് ഐസക്ക്, പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ബാങ്കുമായി ഇടപെടുമെന്നും നേതാക്കള്‍ ഉറപ്പു നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391898/koothali-kavitha-funeral-shafi-parambil-thomas-isaac-visit)