---
title: "ജനകീയ പിന്തുണയോടെ നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് പുതിയ ഭൂമി "
english_title: "New land for Naduvannur Government School with popular support"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39193/new-land-for-naduvannur-government-school-with-popular-support"
published_at: "2022-04-25T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62663f7e8e4e7_NADUVANNUR21.jpg"
keywords: []
---

# ജനകീയ പിന്തുണയോടെ നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് പുതിയ ഭൂമി 

> **Lead Summary:** **നടുവണ്ണൂര്‍**: ജനകീയ പിന്തുണയോടെ നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് പുതിയ ഭൂമി വാങ്ങാന്‍ കരാറായി.

## Article Content

**നടുവണ്ണൂര്‍**: ജനകീയ പിന്തുണയോടെ നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് പുതിയ ഭൂമി വാങ്ങാന്‍ കരാറായി.

നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭൗതിക സാഹചര്യം വിപുലപ്പെടുത്താന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു.

പതിനായിരങ്ങള്‍ പഠിച്ചിറങ്ങിയ ഈ വിദ്യാലയം വളര്‍ച്ചക്കനുസരിച്ച ഭൗതിക സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്.

3200ഓളം കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്‌കൂളില്‍ ആവശ്യത്തിന് ക്ലാസ് മുറികളില്ല. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിനടുത്ത് പുതിയ സ്ഥലം വാങ്ങുന്നത്.

ജനകീയ പിന്തുണയോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിന് സമീപത്തുള്ള മുപ്പതര സെന്റ് സ്ഥലമാണ് സ്‌കൂളിനു വേണ്ടി വാങ്ങുന്നത്.

സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടു കാരുടെയും സഹായം പ്രതീക്ഷിച്ചുകൊണ്ടാണ് വിദ്യാലയ ഭൗതിക വികസനസമിതി മുന്നോട്ടു പോകുന്നത്.

സ്ഥലം കൈമാറ്റത്തിനുള്ള കരാര്‍ സ്‌കൂളിലെ പൂര്‍വാധ്യാപകന്‍ കൂടിയായിരുന്ന ഇ രാഘവന്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ. ജലീല്‍, പി ടി എ പ്രസിഡന്റ് കെ. അക്ബര്‍ അലി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ കെ. ലൈജു, ഹെഡ്മാസ്റ്റര്‍ മോഹനന്‍, പി ടി എ അംഗങ്ങളായ എന്‍. ഷിബിഷ്, പ്രദോഷ്, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ എന്‍. ആലി, എസ് എം സി ചെയര്‍മാന്‍ അഷറഫ് പുതിയപ്പുറം, എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39193/new-land-for-naduvannur-government-school-with-popular-support)