---
title: "ചിലങ്കയുടെ താളവും നിറങ്ങളുടെ ലഹരിയും; മേലടി കലോത്സവ നഗരിയില്‍ നന്മയുടെ 'സെല്‍ഫി കോര്‍ണര്‍'"
english_title: "Melady Kalolsavam Selfie Corner Say Yes To Art No To Drugs Mohanlal Toofan Warrior"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391972/melady-kalolsavam-selfie-corner-no-to-drugs-mohanlal-toofan-warrior"
published_at: "2026-11-17T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbfca0de3f6_selfi.JPG"
keywords: ["Melady Kalolsavam", "Selfie Corner", "No To Drugs", "Mohanlal", "Operation Toofan"]
---

# ചിലങ്കയുടെ താളവും നിറങ്ങളുടെ ലഹരിയും; മേലടി കലോത്സവ നഗരിയില്‍ നന്മയുടെ 'സെല്‍ഫി കോര്‍ണര്‍'

> **Lead Summary:** **ആവള:** ചിലങ്കകളുടെ കിലുക്കവും തബലയുടെ താളവും ചായക്കൂട്ടുകളുടെ വര്‍ണ്ണപ്രപഞ്ചവും തീര്‍ക്കുന്ന മേലടി ഉപജില്ലാ കലോത്സവ നഗരിയില്‍ വേറിട്ടൊരു ആശയവുമായി ശ്രദ്ധേയമാവുകയാണ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി. ആയിരക്കണക്കിന് കൗമാര പ്രതിഭകളുടെ സര്‍ഗ്ഗശേഷി മാറ്റുരയ്ക്കുന്ന ഈ കലാപൂരത്തില്‍, കലയുടെ സൗന്ദര്യം നുകരാന്‍ എത്തുന്ന ഓരോ മനസ്സുകളിലേക്കും നന്മയുടെ വലിയൊരു സന്ദേശം പകര്‍ന്നു നല്‍കുകയാണവര്‍.

## Article Content

**ആവള:** ചിലങ്കകളുടെ കിലുക്കവും തബലയുടെ താളവും ചായക്കൂട്ടുകളുടെ വര്‍ണ്ണപ്രപഞ്ചവും തീര്‍ക്കുന്ന മേലടി ഉപജില്ലാ കലോത്സവ നഗരിയില്‍ വേറിട്ടൊരു ആശയവുമായി ശ്രദ്ധേയമാവുകയാണ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി. ആയിരക്കണക്കിന് കൗമാര പ്രതിഭകളുടെ സര്‍ഗ്ഗശേഷി മാറ്റുരയ്ക്കുന്ന ഈ കലാപൂരത്തില്‍, കലയുടെ സൗന്ദര്യം നുകരാന്‍ എത്തുന്ന ഓരോ മനസ്സുകളിലേക്കും നന്മയുടെ വലിയൊരു സന്ദേശം പകര്‍ന്നു നല്‍കുകയാണവര്‍.

'കലയോട് യെസ് പറയാം, ലഹരിയോട് നോ പറയാം' എന്ന മഹത്തായ മുദ്രാവാക്യമുയര്‍ത്തി കലോത്സവ നഗരിയില്‍ ഒരുക്കിയ 'സെല്‍ഫി കോര്‍ണര്‍' ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. മയക്കുമരുന്നിന്റെ ഇരുണ്ട വഴികളിലേക്ക് വഴുതിവീഴുന്ന യുവതലമുറയ്ക്ക്, കലയോളം വലിയൊരു ലഹരി വേറെയില്ലെന്ന ഓര്‍മ്മപ്പെടുത്തലാണിത്.

കേരള പൊലീസിന്റെ ലഹരിവിരുദ്ധ പ്രചാരണമായ 'ഓപ്പറേഷന്‍ തൂഫാന്‍' ദൗത്യത്തിന്റെ ഭാഗമായി 'തൂഫാന്‍ വാരിയര്‍' ആയി പ്രഖ്യാപിക്കപ്പെട്ട പ്രമുഖ സിനിമാനടന്‍ മോഹന്‍ലാലിന്റെ കട്ടൗട്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പൊലീസ് വേഷത്തില്‍ വലതുകൈ നീട്ടി ഹസ്തദാനം നല്‍കാന്‍ നില്‍ക്കുന്ന രീതിയിലാണ് മോഹന്‍ലാലിന്റെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. സെല്‍ഫി കോര്‍ണറിലെത്തി മോഹന്‍ലാലിന് കൈകൊടുക്കുന്ന രീതിയില്‍ സെല്‍ഫിയെടുത്ത്, 'ഞാനും ഒരു തൂഫാന്‍ വാരിയറാണ്' എന്ന തരത്തില്‍ വിദ്യാര്‍ത്ഥികളും കലാസ്വാദകരും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകഴിഞ്ഞു.

നന്മയുടെ ഈ വേദിക്ക് ഔപചാരികമായി തുടക്കം കുറിച്ചത് മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എസ്.ഡി. അഞ്ജിതയാണ്. കാക്കിയിലെ കര്‍ക്കശക്കാരിയായ ഉദ്യോഗസ്ഥ എന്നതിലുപരി, കുട്ടികളുടെ മനസ്സറിയുന്ന ഒരു കാവല്‍ക്കാരിയായാണ് അവര്‍ ഉദ്ഘാടന വേദിയിലെത്തിയത്. 'ജീവിതമാണ് ഏറ്റവും വലിയ കല, അതിനെ നശിപ്പിക്കാന്‍ ലഹരിയെ അനുവദിക്കരുത്' എന്ന അവരുടെ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നത്.

കലോത്സവത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മത്സരത്തിന്റെ ആകാംക്ഷകളും വിജയത്തിന്റെ ആഹ്ലാദങ്ങളും പങ്കുവെക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഈ സെല്‍ഫി കോര്‍ണറിലേക്ക് ഒഴുകിയെത്തുകയാണ്. അണിയറയിലെ ചായം തേച്ച മുഖങ്ങളും നൃത്തച്ചുവടുകളുടെ ക്ഷീണവും മറന്ന് അവര്‍ ഈ സ്‌നേഹക്കൂടാരത്തിന് മുന്നില്‍ അണിനിരക്കുന്നു. ഓരോ ക്ലിക്കിലും പതിയുന്നത് കേവലം ചിത്രങ്ങള്‍ മാത്രമല്ല, ലഹരിമുക്തമായ ഒരു നല്ല നാളെയുടെ പ്രതിജ്ഞ കൂടിയാണ്.

കലോത്സവം കേവലം സമ്മാനങ്ങള്‍ വാരിക്കൂട്ടാനുള്ള വേദി മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ഇടം കൂടിയാണെന്ന് മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി തെളിയിച്ചു. രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും ഈ ഉദ്യമത്തെ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ആവള കുട്ടോത്തിന്റെ മണ്ണില്‍ ഈ കലോത്സവ നാളുകള്‍ ചരിത്രമാകുമ്പോള്‍, ഓര്‍മ്മകളുടെ ആല്‍ബത്തില്‍ ഏറ്റവും തിളക്കമുള്ള ഏടായി ഈ സെല്‍ഫി കോര്‍ണര്‍ ഉണ്ടാകും. ലഹരിയുടെ മായാവലയങ്ങളെ തകര്‍ത്തെറിഞ്ഞ് സര്‍ഗ്ഗാത്മകതയുടെ ആകാശത്തേക്ക് പറന്നുയരാന്‍ ഈ കലോത്സവം ഓരോ കുരുന്നിനും ചിറകുകള്‍ നല്‍കട്ടെ. കലയുടെ ഈ മഹോത്സവം നന്മയുടെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തി വരുംതലമുറയ്ക്ക് എന്നും വഴികാട്ടിയായി നിലനില്‍ക്കും. എല്ലാവര്‍ക്കും ട്രൂ വിഷന്‍ ന്യൂസ് പേരാമ്പ്രയുടെ സ്‌നേഹം നിറഞ്ഞ ആശംസകള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391972/melady-kalolsavam-selfie-corner-no-to-drugs-mohanlal-toofan-warrior)