---
title: "വയറും മനസ്സും നിറയ്ക്കുന്ന കലോത്സവ വിരുന്ന്; ഊട്ടുപുരയില്‍ രുചിയുടെയും സംഗീതത്തിന്റെയും അരങ്ങേറ്റം"
english_title: "Meladi Sub District Kalolsavam Oottupura Feast 4000 People"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392024/meladi-kalolsavam-oottupura-feast-aval-kuttooth"
published_at: "2026-11-17T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc6488eacce_frttt.JPG"
keywords: ["Meladi Kalolsavam", "Oottupura", "Aval Kuttooth", "School Kalolsavam", "Sadya"]
---

# വയറും മനസ്സും നിറയ്ക്കുന്ന കലോത്സവ വിരുന്ന്; ഊട്ടുപുരയില്‍ രുചിയുടെയും സംഗീതത്തിന്റെയും അരങ്ങേറ്റം

> **Lead Summary:** ആവള : കൗമാര കലയുടെ വസന്തം പെയ്തിറങ്ങുന്ന മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിക്ക് രുചിയുടെ മധുരം പകര്‍ന്ന് ഊട്ടുപുര സജീവമാകുന്നു. സ്‌നേഹവും കരുതലും ചാലിച്ചൊരുക്കുന്ന കലോത്സവ സദ്യയില്‍ ഇന്ന് നാലായിരത്തോളം പേര്‍ക്കാണ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയത്.

## Article Content

ആവള : കൗമാര കലയുടെ വസന്തം പെയ്തിറങ്ങുന്ന മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിക്ക് രുചിയുടെ മധുരം പകര്‍ന്ന് ഊട്ടുപുര സജീവമാകുന്നു. സ്‌നേഹവും കരുതലും ചാലിച്ചൊരുക്കുന്ന കലോത്സവ സദ്യയില്‍ ഇന്ന് നാലായിരത്തോളം പേര്‍ക്കാണ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയത്.

കലയുടെ ആരവങ്ങള്‍ക്കിടയില്‍ വിശപ്പിന്റെ വിളിയുമായി എത്തുന്നവരുടെ നാവിന്‍തുമ്പില്‍ രുചിയുടെ വിസ്മയം തീര്‍ക്കാന്‍ ഒന്‍പത് കൂട്ടം വിഭവങ്ങളാണ് ഇലയില്‍ നിരന്നത്. ആവി പറക്കുന്ന ചൂട് ചോറിനൊപ്പം പച്ചടിയും അച്ചാറും ഉപ്പേരിയും അവിയലും സാമ്പാറും രസവുമെല്ലാം ചേര്‍ന്നപ്പോള്‍ അതൊരു അസ്സല്‍ രുചിക്കൂട്ടായി മാറി. സദ്യയ്ക്ക് പൂര്‍ണ്ണതയേകാന്‍ എത്തിയ പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ മധുരം കലോത്സവ പ്രേമികളുടെ മനം കവര്‍ന്നു.

വയറു നിറയുന്നതിനൊപ്പം മനസ്സിനും കുളിര്‍മ്മയേകുന്ന സംഗീത വിരുന്നും ഊട്ടുപുരയില്‍ ഒരുക്കിയിട്ടുണ്ട്. ഗായകര്‍ ആലപിക്കുന്ന മധുരഗാനങ്ങള്‍ ആസ്വദിച്ചുകൊണ്ട് സദ്യയുണ്ണുന്നത് കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. കലയും സംഗീതവും രുചിയും ഒത്തുചേരുന്ന അപൂര്‍വ്വ സംഗമവേദിയായി ഇതോടെ കലോത്സവ ഊട്ടുപുര മാറിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം രണ്ടായിരം പേര്‍ക്കാണ് ഇവിടെ സ്‌നേഹവിരുന്നൊരുക്കിയത്. അടപ്രഥമനായിരുന്നു അന്നത്തെ താരം. നാളെ മൂവായിരം പേര്‍ക്കായി ഒരുക്കുന്ന സദ്യയില്‍ ശര്‍ക്കരപ്പായസത്തിന്റെ മധുരമായിരിക്കും വിളമ്പുക. സമാപന ദിവസവും മൂവായിരം പേര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കും.

ചെറുവണ്ണൂരിലെ പ്രമുഖ പാചക വിദഗ്ധന്‍ വിനോദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മഹാസദ്യയ്ക്ക് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നത്. വിനോദനൊപ്പം പന്ത്രണ്ട് സഹായികളും ചേര്‍ന്ന് അതീവ ശ്രദ്ധയോടെയും വൃത്തിയോടെയുമാണ് ഓരോ വിഭവവും പാകം ചെയ്യുന്നത്.

ഊട്ടുപുരയിലെത്തുന്ന ഏവര്‍ക്കും സംതൃപ്തിയോടെ ഭക്ഷണം കഴിച്ച് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന പ്രതിഭകളെ സ്‌നേഹവിരുന്നിലൂടെ ചേര്‍ത്തുപിടിക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. കലയുടെ ആഘോഷത്തോടൊപ്പം രുചിയുടെ ആഘോഷം കൂടി ചേരുമ്പോള്‍ കലോത്സവം ഓര്‍മ്മകളില്‍ എന്നും മധുരമായി നിറയും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392024/meladi-kalolsavam-oottupura-feast-aval-kuttooth)