---
title: "മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ആവേശകടലായി"
english_title: "Kalolsavam Should Unite People Says MLA K Praveenkumar Meladi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392046/meladi-kalolsavam-mla-praveenkumar-inauguration-aval-kuttooth"
published_at: "2026-11-17T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc92642b221_mell.JPG"
keywords: ["Meladi Kalolsavam", "K Praveenkumar MLA", "Aval Kuttooth", "School Kalolsavam", "Cheruvannur"]
---

# മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ആവേശകടലായി

> **Lead Summary:** ആവള : മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസില്‍. അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. വെറുപ്പും വിദ്വേഷവും നിറഞ്ഞുവരുന്ന വര്‍ത്തമാനകാലത്ത് ഉത്സവങ്ങള്‍ എന്നും മനുഷ്യരെ ചേര്‍ത്തുപിടിക്കാനുള്ള വേദികളാണെന്നും, അത് കലോത്സവമാകുമ്പോള്‍ ആ ചേര്‍ത്തുപിടിക്കലിന് മധുരം കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

ആവള : മേലടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസില്‍. അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. വെറുപ്പും വിദ്വേഷവും നിറഞ്ഞുവരുന്ന വര്‍ത്തമാനകാലത്ത് ഉത്സവങ്ങള്‍ എന്നും മനുഷ്യരെ ചേര്‍ത്തുപിടിക്കാനുള്ള വേദികളാണെന്നും, അത് കലോത്സവമാകുമ്പോള്‍ ആ ചേര്‍ത്തുപിടിക്കലിന് മധുരം കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ മാറ്റുരയ്ക്കുന്നത് നാളെകളില്‍ ഈ നാടിന്റെ പ്രതിഭകളായി മാറാന്‍ പോകുന്ന കുരുന്നുകളാണ്. ഇത്തവണത്തെ മേലടി സബ് ജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്ന കലാകാരന്മാരില്‍ നാളെ കേരളമറിയുന്ന നാടക നടന്മാരും സിനിമാ ലോകത്ത് പ്രശസ്തരാവുന്ന കലാകാരന്മാരും ഉണ്ടാകാം. കവികളും ഗായകരുമുണ്ടാകാം. വ്യത്യസ്ത മേഖലകളില്‍ തിളങ്ങുന്ന പ്രതിഭകളെ സൃഷ്ടിക്കുന്ന ഒരു മഹോത്സവമാണ് നമ്മുടെ കലോത്സവം. കുട്ടികള്‍ മത്സരിക്കട്ടെ, കഴിവുള്ളവര്‍ ജയിക്കട്ടെ. എന്റെ കുട്ടി മാത്രം ജയിക്കണമെന്ന ചിന്ത ഞാനുള്‍പ്പെടെയുള്ള ഒരു രക്ഷിതാവിന്റെയും മനസ്സിലുണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയര്‍പേഴ്‌സണുമായ നളിനി നല്ലൂര്‍ അധ്യക്ഷത വഹിച്ചു. കലോത്സവം റിപ്പോര്‍ട്ട് മേലടി എ.ഇ.ഒ കെ.വി. പ്രേമചന്ദ്രനും, ഉപഹാര സമര്‍പ്പണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടിയും നിര്‍വ്വഹിച്ചു. സാഹിത്യകാരനും ഗാനരചയിതാവുമായ രമേശ് കാവില്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി സജീവന്‍, മെമ്പര്‍ പ്രമോദ് ദാസ്, നസീര്‍ ആനേരി, സജീവന്‍ കുഞ്ഞോത്ത്, ആര്‍.പി ഷോബിദ്, വിജയന്‍ ആവള, സത്യന്‍ ചോല, എം.കെ സുരേന്ദ്രന്‍, എ.ബി ബിനോയ്, കെ.കെ രജീഷ്, എസ്.ബി സുഭാഷ്, പി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍. സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രഞ്ജിത്ത് നന്ദിയും പറഞ്ഞു. പി.ടി.എയും, വിദ്യാര്‍ത്ഥികളും, നാട്ടുകാരും ചേര്‍ന്നവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392046/meladi-kalolsavam-mla-praveenkumar-inauguration-aval-kuttooth)