---
title: "ഓപ്പറേഷന്‍ തൂഫാന്‍: മേപ്പയൂരില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍"
english_title: "Operation Thoofan Youth Arrested Hashish Oil Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392099/operation-thoofan-hashish-oil-youth-arrested-meppayur"
published_at: "2026-11-18T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd39b8646e3_hshis.jpg"
keywords: ["Operation Thoofan", "Hashish Oil", "Meppayur Police", "DANSAF", "Drug Arrest"]
---

# ഓപ്പറേഷന്‍ തൂഫാന്‍: മേപ്പയൂരില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

> **Lead Summary:** മേപ്പയൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. വേളം ശാന്തിനഗര്‍ തൊടുവയില്‍ ലമീം ആണ് ആവളയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 2 മില്ലിലിറ്റര്‍ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

## Article Content

മേപ്പയൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. വേളം ശാന്തിനഗര്‍ തൊടുവയില്‍ ലമീം ആണ് ആവളയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 2 മില്ലിലിറ്റര്‍ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മേപ്പയൂര്‍ പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വില്‍പ്പനക്കായി കൊണ്ടുവന്നതാണ് ഹാഷിഷ് ഓയില്‍ എന്ന് പൊലീസ് പറഞ്ഞു.

ആവള ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ മേലടി സബ്ജില്ലാ കലോത്സവം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റൂറല്‍ എസ്.പിയുടെ കര്‍ശന നിര്‍ദേശപ്രകാരം മേപ്പയൂര്‍ പൊലീസും എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്.

കലോത്സവം നടക്കുന്ന പ്രദേശങ്ങളിലും പരിസരങ്ങളിലും ലഹരി വില്‍പ്പനയും ഉപയോഗവും തടയുന്നതിന് പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും കുട്ടികളും കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ലഹരിക്കെതിരെ പൊതുജനങ്ങളുടെ സഹകരണവും പൊലീസ് അഭ്യര്‍ത്ഥിച്ചു.

മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അഞ്ജിത, എ.എസ്.ഐ റിനീഷ് കൃഷ്ണ, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ് വി.സി, സി.എം സുനില്‍കുമാര്‍, മുനീര്‍, സി.പി.ഒ ലിധിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392099/operation-thoofan-hashish-oil-youth-arrested-meppayur)