---
title: "പേരാമ്പ്രയില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു"
english_title: "Stray Dogs Chase School Students Perambra Kannipoyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392128/stray-dogs-chase-students-perambra-kannipoyil"
published_at: "2026-11-18T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd5b6e4539a_dog.jpg"
keywords: ["Stray Dogs", "Perambra", "Kannipoyil", "School Students", "Dog Attack"]
---

# പേരാമ്പ്രയില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് നടന്നുപോകുന്ന വിദ്യാര്‍ഥികള്‍ക്കു പിന്നാലെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. പേരാമ്പ്ര കണ്ണിപ്പൊയിലില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് നടന്നുപോകുന്ന വിദ്യാര്‍ഥികള്‍ക്കു പിന്നാലെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. പേരാമ്പ്ര കണ്ണിപ്പൊയിലില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

നാല് നായകളാണ് അഞ്ചു വിദ്യാര്‍ഥികള്‍ക്കുനേരേ പാഞ്ഞടുത്തത്. ഉടനെ അടുത്തു കണ്ട വിഗേഷിന്റെ വീട്ടിലേക്ക് കുട്ടികള്‍ ഓടിക്കയറുകയായിരുന്നു. ഇവിടത്തെ സി.സി.ടി.വിയിലും കുട്ടികള്‍ക്കുപിന്നാലെ നായ ഓടിയെത്തുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടികള്‍ പെട്ടെന്ന് നായ്ക്കള്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നത് കണ്ട് ഭയന്ന് ഓടുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് കയറിയതോടെയാണ് വലിയ അപകടം ഒഴിവായത്. നായ്ക്കള്‍ വീടിന് മുന്നില്‍ കുറച്ചുനേരം നിന്ന് കുരച്ച ശേഷമാണ് മടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഉണ്ണിക്കുന്ന് കുളപ്പുറം റോഡിലെ വാളംപൊയില്‍ പുത്തന്‍കുളങ്ങര മേഖലയില്‍ തെരുവുനായ ശല്യം കാരണം കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ കുട്ടികള്‍ മാത്രമല്ല, പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ ഈ വഴിയിലൂടെയാണ് ദിവസവും സഞ്ചരിക്കുന്നത്. രാവിലെയും വൈകീട്ടും കൂട്ടമായി എത്തുന്ന നായ്ക്കള്‍ യാത്രക്കാരെ ഭയപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്.

തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പേരാമ്പ്ര പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392128/stray-dogs-chase-students-perambra-kannipoyil)