---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് നാളെ ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിക്കും"
english_title: "Nochad Panchayat To Declare Official Species First In Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392176/nochad-panchayat-official-species-declaration-first-kerala"
published_at: "2026-11-18T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdb782c49a1_shiji.jpg"
keywords: ["Nochad Panchayat", "Official Species", "Biodiversity", "Shiji Kottarakkal"]
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് നാളെ ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിക്കും

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് നാളെ ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിക്കുമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് നാളെ ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിക്കുമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ഔദ്യോഗിക ജീവജാതികളെ തെരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നത്. ഇനി മുതല്‍ നൊച്ചാട് പഞ്ചായത്തിന്റേതായ പക്ഷിയും പൂമ്പാറ്റയും മത്സ്യവും, പാമ്പും, തുമ്പിയും, മരവും, പൂവും തുടങ്ങി ഏഴിനം ജീവജാതികള്‍ ഉണ്ടാവുകയാണ്. വളരെ ശ്രമകരമായ നിരീക്ഷണങ്ങളിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. ഗ്രാമവാസികളും, കുട്ടികളും, അക്കാദമിക വിദഗ്ദ്ധര്‍ വരെ ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായി.

**ജീവജാതികളെ കണ്ടെത്തുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രം താഴെ കൊടുക്കുന്നു.**

**
**

ജീവജാതികളെ എങ്ങനെയൊക്കെ കണ്ടെത്താം എന്നും, മാനദണ്ഡങ്ങള്‍ എന്തൊക്കെയാവാമെന്നും വിശദീകരിച്ചു കൊണ്ടുള്ള പ്രഥമ പരിശീലനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് ഡോക്ടര്‍ കിഷോര്‍ കുമാര്‍ നയിച്ച ഒരു ക്ലാസില്‍ രൂപപ്പെടുത്തി. തുടര്‍ന്ന് വിവിധ മാര്‍ഗങ്ങളിലൂടെ പൊതുജനങ്ങളില്‍ നിന്ന് എന്‍ട്രികള്‍ സ്വീകരിക്കാന്‍ തുടങ്ങി. സ്വീകരിച്ച എന്‍ട്രികള്‍ പരിശോധനകള്‍ക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.

ആശയം രൂപപ്പെടുത്തിയ ശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടമായി സ്‌കൂളുകളില്‍ പ്രത്യേക ഗൂഗിള്‍ ഷീറ്റുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചു. പൊതുജനങ്ങള്‍ക്കായി മറ്റൊരുതരത്തിലുള്ള ഗൂഗിള്‍ ഷീറ്റും തയ്യാറാക്കി വിതരണം ചെയ്തു. ഗൂഗിള്‍ ഷീറ്റിനൊപ്പം തുമ്പി, പൂമ്പാറ്റ, പാമ്പ് എന്നിവയെ തിരിച്ചറിയുന്നതിന് വേണ്ടി ജൈവവൈവിധ്യ രജിസ്റ്ററിലെ പേജുകളുടെ കോപ്പിയും നല്‍കിയിരുന്നു. സി.ഡി.എസ്, എ.ഡി.എസ് യോഗങ്ങള്‍ ചേര്‍ന്ന് അവരിലൂടെ എല്ലാ കുടുംബശ്രീകളിലും എത്തിക്കാനുള്ള പ്രവര്‍ത്തനം നടത്തി. കൂടാതെ പഞ്ചായത്തില്‍ ഇതിനായി പ്രത്യേക മെയില്‍ ഐഡി ഉണ്ടാക്കുകയും പത്രങ്ങള്‍ വഴി വിവരം നല്‍കുകയും ചെയ്തു.

വിവിധതരത്തിലുള്ള യോഗങ്ങളിലും വാര്‍ഡുകളിലെ ഗ്രാമസഭകളിലും വിശദീകരണം നടത്തി. നൊച്ചാട് മേഖലയിലെ രണ്ട് വായനശാല നേതൃസമിതികളിലും നൊച്ചാട് ഭാഗത്തെയും വെള്ളിയൂര്‍ ഭാഗത്തെയും കല്‍പ്പത്തൂര്‍ ഭാഗത്തേയും കര്‍ഷക കൂട്ടായ്മയിലും കാര്യങ്ങള്‍ വിശദീകരിച്ചു. കാരണവക്കൂട്ടങ്ങളും പെന്‍ഷന്‍കാരുടെ യോഗങ്ങളും വിളിച്ച് ചേര്‍ത്ത് വിശദീകരണം നടത്തി.

ജൈവകര്‍ഷക കൂട്ടായ്മയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. വാല്യക്കോട് എയുപി സ്‌കൂളില്‍ അധ്യാപകര്‍ക്കായി പ്രത്യേക യോഗം ചേര്‍ന്നു. ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജ്യണല്‍ സെന്ററിലെ കുട്ടികളുടെ യോഗത്തിലും അന്താരാഷ്ട്ര പാമ്പ് ദിനത്തില്‍ വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ ബി.എം.സി നടത്തിയ ക്ലാസിലും കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ ബി.എം.സി നടത്തിയ പക്ഷികളെ പറ്റിയുള്ള ക്ലാസിലും വിശദീകരണം നടത്തി.

തുടര്‍ന്ന് പഞ്ചായത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗം വിളിച്ചു. യോഗത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ ഉണ്ടായി. നിര്‍ണ്ണായകമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെ സാധിച്ചു. ഇതിനൊക്കെ പുറമേ ഒരു വീഡിയോ ഉണ്ടാക്കിയും വിവിധതരത്തിലുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ നിര്‍മ്മിച്ചും പ്രചാരണം നടത്തി.

വിവിധ ഇടങ്ങളില്‍ നിന്ന് കിട്ടിയ എന്‍ട്രികള്‍ ജൈവവൈവിധ്യ പരിപാലന സമിതി പരിശോധനയ്ക്ക് വിധേയമാക്കി. പ്രസിദ്ധീകരിച്ച നിബന്ധനകള്‍ പാലിക്കുന്ന എന്‍ട്രികള്‍ ലിസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇതില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ജീവജാതികളുടെ ചിത്രവും വിവരണവും പിഡിഎഫ് ആക്കി ബി.എം.സിയിലും ജനപ്രതിനിധികളുടെ മുന്നിലും അവതരിപ്പിച്ച് ചര്‍ച്ച നടത്തി. അവസാന തീരുമാനത്തിനായി അതേ പിഡിഎഫ് വിദഗ്ധ സമിതിയുടെ യോഗത്തില്‍ അവതരിപ്പിച്ചു.

വിദഗ്ധ സമിതിയുമായി ബി.എം.സി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം പാലിച്ചുകൊണ്ട് ഏതൊക്കെ ജീവജാതികള്‍ ആകണമെന്ന് ബി.എം.സി കണ്ടെത്തി. എല്ലാ നിബന്ധനകളും പാലിക്കുന്ന ജീവജാതിയാണെന്ന വിലയിരുത്തലിനു ശേഷം ബി.എം.സി യോഗം പഞ്ചായത്തിന്റെ ജീവജാതികളെ തീരുമാനിച്ചു. അത് ഭരണസമിതി യോഗത്തില്‍ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു.

നാളെ നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ഐഎഎസ്, സബ് കളക്ടര്‍ പി.പി. അര്‍ച്ചന നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ ഹനീഫ, നോര്‍തേണ്‍ റീജ്യന്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് എന്നിവര്‍ മുഖ്യാതിഥികളാകും.

സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, സയന്റിസ്റ്റ് ഡോ. മുഹമ്മദ് ജാഫര്‍ പാലാട്ട്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ജില്ലാ കോഡിനേറ്റര്‍ ഡോ. മഞ്ജു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ ടി. സുരേഷ് എന്നിവര്‍ ജീവജാതികളെ പ്രഖ്യാപിക്കും.

എല്ലാ ജീവജാതികള്‍ക്കും സംരക്ഷണം കൊടുക്കുന്നതിനോടൊപ്പം ഔദ്യോഗിക ജീവജാതികളുടെ പ്രാധാന്യവും ഗ്രാമപഞ്ചായത്ത് ജനങ്ങളില്‍ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതോടെ നാട്ടിലെ ആവാസ വ്യവസ്ഥാ സംരക്ഷണം വലിയ ചര്‍ച്ചയായി മാറും.

വാര്‍ത്താ സമ്മേളനത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ. സുജിത്ത്, ജനപ്രതിനിധികളായ എസ്. രാജീവ്, എസ്.കെ. അസൈനാര്‍, ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ ടി. സുരേഷ് എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392176/nochad-panchayat-official-species-declaration-first-kerala)