---
title: "സ്‌കൂള്‍, കോളെജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ജില്ലാതല യോഗം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു"
english_title: "School College Protection Group District Meeting Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392453/school-college-protection-group-district-meeting-perambra"
published_at: "2026-11-20T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b002ae371c9b_jjj.jpg"
keywords: []
---

# സ്‌കൂള്‍, കോളെജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ജില്ലാതല യോഗം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവയുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവയുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടന്ന യോഗം കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

അഡീഷണല്‍ പൊലീസ് സൂപ്രണ്ട് & എസ്പിസി നോഡല്‍ ഓഫീസര്‍ വി. രമേശന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആര്‍തി ഐപിഎസ് സ്വാഗതം പറഞ്ഞു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ആശംസയും നാര്‍ക്കോട്ടിക് സെല്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസുകളില്‍ ആന്റി റാഗിംഗ് നിയമം, പോക്‌സോ നിയമം, പ്രായപൂര്‍ത്തിയാകാത്തവരുടെ വാഹനമോടിക്കലുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.

അഡ്വ. പ്രിന്‍സി ആന്റി റാഗിംഗ് നിയമത്തെക്കുറിച്ചും കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് കെ.കെ. ബിജു പോക്‌സോ നിയമങ്ങളെക്കുറിച്ചും ക്ലാസെടുത്തു.

പ്രായപൂര്‍ത്തിയാകാത്തവരുടെ വാഹനമോടിക്കലുമായി ബന്ധപ്പെട്ട നിയമവശങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് പേരാമ്പ്ര ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്ലാസെടുത്തു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം, റാഗിംഗ്, നിയമലംഘനങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ തടയുന്നതിനും സ്‌കൂള്‍, കോളെജ് തലങ്ങളില്‍ പൊലീസും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും യോഗം സഹായകമായി.

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വര്‍ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്‌കൂളുകളിലും കോളെജുകളിലും അധ്യാപകരും രക്ഷിതാക്കളും പൊലീസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ ഊന്നിപ്പറഞ്ഞു. പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392453/school-college-protection-group-district-meeting-perambra)