---
title: "രസതന്ത്ര ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടി അനുശ്രീ ഗംഗാധരന്‍ നാടിന് അഭിമാനമായി"
english_title: "Anusree Gangadharan Earns PhD In Chemistry, Becomes Pride Of Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392843/anusree-gangadharan-phd-chemistry-pride-of-koothali-perambra"
published_at: "2026-11-23T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03fd4dd4f0b_ertt.JPG"
keywords: ["Anusree Gangadharan", "Perambra", "Koothali", "PhD Chemistry", "Anna University"]
---

# രസതന്ത്ര ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടി അനുശ്രീ ഗംഗാധരന്‍ നാടിന് അഭിമാനമായി

> **Lead Summary:** **പേരാമ്പ്ര: **അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് രസതന്ത്ര ഗവേഷണത്തില്‍ ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടി അനുശ്രീ ഗംഗാധരന്‍ കൂത്താളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിന്റെ അഭിമാനമായി മാറിയിരിക്കുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവും നിരന്തരമായ പരിശ്രമവും കൈമുതലാക്കിയാണ് അക്കാദമിക രംഗത്ത് അനുശ്രീ ഈ വലിയ നേട്ടം കൈവരിച്ചത്.

## Article Content

**പേരാമ്പ്ര: **അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് രസതന്ത്ര ഗവേഷണത്തില്‍ ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടി അനുശ്രീ ഗംഗാധരന്‍ കൂത്താളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിന്റെ അഭിമാനമായി മാറിയിരിക്കുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവും നിരന്തരമായ പരിശ്രമവും കൈമുതലാക്കിയാണ് അക്കാദമിക രംഗത്ത് അനുശ്രീ ഈ വലിയ നേട്ടം കൈവരിച്ചത്.

പഠനകാലത്ത് നേരിട്ട വെല്ലുവിളികളെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ മറികടന്നാണ് അനുശ്രീ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ഗവേഷണ മേഖലയില്‍ വര്‍ഷങ്ങളോളം നീണ്ട അധ്വാനത്തിനൊടുവിലാണ് ഈ അംഗീകാരം അനുശ്രീയെ തേടിയെത്തിയത്. കൂടാതെ ഈ നേട്ടത്തിന് മാറ്റുകൂട്ടിക്കൊണ്ട് കോയമ്പത്തൂരിലെ ദാനിഷ് അഹമ്മദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഡിഎഐടി)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചത് മറ്റൊരു നേട്ടമാണ്.

ഗവേഷണരംഗത്തെ മികവിനൊപ്പം അധ്യാപനരംഗത്തും പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് കടക്കുന്ന അനുശ്രീക്ക് ജന്മനാടിന്റെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ശാസ്ത്ര-മാനവിക പഠന വിഭാഗം (രസതന്ത്രം) വിഭാഗത്തിലാണ് അനുശ്രീ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നത്. പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും പ്രചോദനവും പകര്‍ന്നുനല്‍കാന്‍ അനുശ്രീക്ക് കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ഗവേഷണത്തില്‍ നേടിയ അനുഭവസമ്പത്ത് ക്ലാസ് മുറിയിലും ഒരു മുതല്‍ക്കൂട്ടാകും. അനുശ്രീയുടെ ഈ അഭിമാനകരമായ നേട്ടത്തെ ആദരിച്ചുകൊണ്ട് ഡിസംബര്‍ 5-ന് കൂത്താളി പഞ്ചായത്ത് വനിതാ സഹകരണ സംഘം അനുശ്രീക്ക് ആദരവ് ഒരുക്കിയിരിക്കുന്നു. കിഴക്കന്‍ പേരാമ്പ്ര തെച്ചത്താംകണ്ടി വീട്ടില്‍ പരേതനായ ഗംഗാധരന്റെയും എം. ഷീബയുടെയും മകളാണ് അനുശ്രീ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392843/anusree-gangadharan-phd-chemistry-pride-of-koothali-perambra)