---
title: "പന്നികള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍; പൊറുതിമുട്ടി കര്‍ഷകന്‍"
english_title: "Wild Boars Destroy Crops In Avala Perambra Farmer Suffers Huge Loss"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392887/wild-boars-destroy-crops-avala-perambra-farmer-loss"
published_at: "2026-11-23T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0443af25647_kk.JPG"
keywords: ["Wild Boars", "Avala", "Perambra", "Crop Destruction", "Farmer Loss"]
---

# പന്നികള്‍ കൂട്ടത്തോടെ കൃഷിയിടത്തില്‍; പൊറുതിമുട്ടി കര്‍ഷകന്‍

> **Lead Summary:** പേരാമ്പ്ര: അതിരാവിലെ വിട്ടുവളപ്പിലെ കൃഷിയിടത്തില്‍ എത്തിയപ്പോള്‍ കര്‍ഷകനായ ആവള കുട്ടോത്തെ പുളക്കണ്ടി കെ.ടി. പത്മനാഭന്‍ കണ്ട കാഴ്ച വേദനാജനകമായിരുന്നു. കൃഷിയിടം മുഴുവന്‍ പന്നിക്കൂട്ടം കുത്തിമറിച്ച് നശിപ്പിച്ചിരിക്കുകയാണ്. രാത്രിയില്‍ കൂട്ടത്തോടെ എത്തിയ പന്നികള്‍ എല്ലാം പിഴുതെറിഞ്ഞ നിലയിലാണ്. നാടന്‍ കൂവകൃഷി, വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന് നട്ട് പിടിപ്പിച്ച പത്തുതരം കച്ചില്‍, ചെറുകിഴങ്ങ്, വിവിധ കാര്‍ഷിക സര്‍വ്വകലാശാലകള്‍, കൃഷിവിഞ്ജാനകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുമൊക്കെ കൊണ്ടുവന്നിട്ടുള്ള ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, മുതലായവയാണ് നശിപ്പിച്ചത്. വലിയ നഷ്ടമാണ് ഉണ്ടായത്.

## Article Content

പേരാമ്പ്ര: അതിരാവിലെ വിട്ടുവളപ്പിലെ കൃഷിയിടത്തില്‍ എത്തിയപ്പോള്‍ കര്‍ഷകനായ ആവള കുട്ടോത്തെ പുളക്കണ്ടി കെ.ടി. പത്മനാഭന്‍ കണ്ട കാഴ്ച വേദനാജനകമായിരുന്നു. കൃഷിയിടം മുഴുവന്‍ പന്നിക്കൂട്ടം കുത്തിമറിച്ച് നശിപ്പിച്ചിരിക്കുകയാണ്. രാത്രിയില്‍ കൂട്ടത്തോടെ എത്തിയ പന്നികള്‍ എല്ലാം പിഴുതെറിഞ്ഞ നിലയിലാണ്. നാടന്‍ കൂവകൃഷി, വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന് നട്ട് പിടിപ്പിച്ച പത്തുതരം കച്ചില്‍, ചെറുകിഴങ്ങ്, വിവിധ കാര്‍ഷിക സര്‍വ്വകലാശാലകള്‍, കൃഷിവിഞ്ജാനകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുമൊക്കെ കൊണ്ടുവന്നിട്ടുള്ള ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, മുതലായവയാണ് നശിപ്പിച്ചത്. വലിയ നഷ്ടമാണ് ഉണ്ടായത്.

മാസങ്ങളോളം അധ്വാനിച്ച് വളര്‍ത്തിയ കൃഷിയാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. കൃഷിയില്‍ നിന്ന് ലഭിക്കുമായിരുന്ന വരുമാനം മുഴുവന്‍ നഷ്ടമായതോടെ കര്‍ഷകന്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. അകലെയുള്ള കൃഷിയിടത്തില്‍ പന്നികള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാ കൃഷിയും വീട്ടുവളപ്പില്‍ മാറ്റുകയായിരുന്നുവെന്ന് കെ.ടി. പത്മനാഭന്‍ പറഞ്ഞു.

ചുറ്റും നെറ്റുകെട്ടി പന്നികള്‍ കടക്കാത്ത രീതിയില്‍ സംരക്ഷിച്ചതായിരുന്നു. എന്നാല്‍ പന്നികള്‍ അടിഭാഗത്തെ മണ്ണിളക്കി അതുവഴിയാണ് കൃഷിയിടത്തില്‍ കടന്നത്. എന്നാല്‍, ഇപ്പോള്‍ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ കടന്നതോടെ പന്നികള്‍ തന്റെ എല്ലാ പ്രതീക്ഷയും തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.

സോളാര്‍ വൈദ്യുത വേലിയുടെ നിര്‍മ്മാണവും അദ്ദേഹം തുടങ്ങിയിരുന്നു. യൂണിറ്റ് സ്ഥാപിച്ച് കമ്പിവേലി വലിക്കണ്ട 2 ദിവസത്തെ പണികൂടിയെ ഭാക്കിയുണ്ടായിരുന്നുള്ളു. ഇതിനിടയിലാണ് പന്നിക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. പണി പൂര്‍ത്തിയായിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകനാണ് പത്മനാഭന്‍. മികച്ച കര്‍ഷകനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ആളാണ് ഇദ്ദേഹം. ജനവാസമേഖലയില്‍ ഈ വിധത്തില്‍ ഇറങ്ങുന്ന പന്നികളെ തുരത്താന്‍ പഞ്ചായത്ത് അടിയന്തര നടപടി എടുക്കണമെന്ന് കെ.ടി. പത്മനാഭന്‍ ആവശ്യപ്പെട്ടു.

പന്നിശല്യം ഒഴിവാക്കാന്‍ കര്‍ഷകര്‍ കൂട്ടത്തോടെ തീരുമാനമെടുത്ത് രണ്ട് വര്‍ഷക്കാലത്തോളം കൃഷി നിര്‍ത്തിവെച്ച് നോക്കാം എന്നുകൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. പന്നിശല്യം കാരണം പ്രദേശത്ത് കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍ പറയുന്നു. പന്നികളെ തുരത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൃഷിയില്‍ നിന്ന് പിന്‍മാറേണ്ടി വരുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തും കൃഷി വകുപ്പും അടിയന്തരമായി ഇടപെട്ട് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392887/wild-boars-destroy-crops-avala-perambra-farmer-loss)