---
title: "കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചാല്‍ കാലം കണക്ക് ചോദിക്കും; വല്‍സന്‍ എടക്കോടന്‍"
english_title: "Farmers Distress Cannot Be Ignored Valsan Edakkodan At Kisan Janata Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392903/farmers-distress-valsan-edakkodan-kisan-janata-dharna-perambra"
published_at: "2026-11-23T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04520822bf9_ju.JPG"
keywords: ["Valsan Edakkodan", "Kisan Janata", "Perambra", "Farmers Protest", "Wild Animals"]
---

# കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചാല്‍ കാലം കണക്ക് ചോദിക്കും; വല്‍സന്‍ എടക്കോടന്‍

> **Lead Summary:** **പേരാമ്പ്ര:** കിസാന്‍ ജനത പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും സമ്പൂര്‍ണ്ണ സുരക്ഷ വേണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

## Article Content

**പേരാമ്പ്ര:** കിസാന്‍ ജനത പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും സമ്പൂര്‍ണ്ണ സുരക്ഷ വേണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വന്യജീവികളുടെ ആക്രമണം കാരണം യാതൊരു കൃഷിയും ചെയ്യാനാവാതെ ജീവിതം വഴിമുട്ടി പകച്ചു നില്‍ക്കുന്ന കര്‍ഷകരുടെ ദുരിത ജീവിതം സര്‍ക്കാരുകള്‍ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ കാലം കണക്ക് ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൃഷി സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിരവധി കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറുകയാണ്. ഇത് കാര്‍ഷിക മേഖലയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പന്നികളെ കൊല്ലാനും യഥേഷ്ടം ഉപയോഗിക്കാനുമുള്ള അധികാരം കര്‍ഷകര്‍ക്ക് തന്നെ നല്‍കണമെന്നും വല്‍സന്‍ എടക്കോടന്‍ പറഞ്ഞു.

പന്നിശല്യം കാരണം കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കര്‍ഷകര്‍ക്ക് തന്നെ പ്രതിരോധത്തിനുള്ള അവകാശം നല്‍കാതെ പന്നിശല്യം തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നടന്നുവരുന്ന റീസര്‍വേയുടെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കര്‍ഷകരെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റീസര്‍വേയുടെ പേരില്‍ കര്‍ഷകരുടെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് കല്ലോട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കിസാന്‍ ജനത സംസ്ഥാന സമിതി അംഗം കെ.ജി. രാമനാരായണന്‍, ആര്‍.ജെ.ഡി. നിയോജക മണ്ഡലം സെക്രട്ടറി സി.ഡി. പ്രകാശ്, വൈസ് പ്രസിഡന്റ് അഷറഫ് വള്ളോട്ട്, സുനില്‍ ഓടയില്‍, എന്‍.എം. അഷറഫ്, മധു മാവുള്ളാട്ടില്‍, കെ. ബാലകൃഷ്ണന്‍, ബിജു ചെറുവത്തൂര്‍, ലത്തീഫ് വെള്ളിലോട്ട്, ബിജു സി. എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

കെ.എം. കുഞ്ഞിരാമന്‍ സ്വാഗതവും വള്ളില്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു. ആര്‍.ജെ.ഡി. നിയോജക മണ്ഡലം ഓഫീസിനടുത്ത് നിന്ന് തുടങ്ങിയ പ്രകടനത്തിന് ശശി തുരുത്തിയില്‍, അഭിലാഷ് എരവട്ടൂര്‍, ഭാസ്‌കരന്‍ വട്ടക്കണ്ടി, വര്‍ഗീസ് കോലത്ത് വീട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392903/farmers-distress-valsan-edakkodan-kisan-janata-dharna-perambra)