---
title: "സ്ത്രീസുരക്ഷാ സന്ദേശവുമായി 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി"
english_title: "'Orange the World' campaign, featuring a message on women's safety, has been launched in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393276/orange-the-world-campaign-featuring-a-message-on-womens-safety-has-been-launched-in-the-district"
published_at: "2026-11-26T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07df0d26538_milli.jpg"
keywords: []
---

# സ്ത്രീസുരക്ഷാ സന്ദേശവുമായി 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

> **Lead Summary:** കോഴിക്കോട്: സ്ത്രീസുരക്ഷാ സന്ദേശവുമായി 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് 16 ദിവസത്തെ 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്.

## Article Content

കോഴിക്കോട്: സ്ത്രീസുരക്ഷാ സന്ദേശവുമായി 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് 16 ദിവസത്തെ 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ആഗോള ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകള്‍ നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളും വിവേചനങ്ങളും ചെറുക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവബോധവും കൂട്ടായ പ്രവര്‍ത്തനവും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.

അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ മുഖ്യാതിഥിയായി. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ ടി. ഹഫ്‌സത്ത്, പ്രോഗ്രാം ഓഫീസര്‍ പി.പി. അനിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സി.പി.ഒ. വുമണ്‍ സെല്‍ പ്രതിനിധി ധന്യ മാത്യു, ജില്ലാ കുടുംബശ്രീ മിഷന്‍ പ്രതിനിധി നിഷിദ ഷൈബുനി, ഡിഎച്ച്ഇഡബ്ല്യു ജില്ലാ കോര്‍ഡിനേറ്റര്‍ ശരണ്യ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, എന്‍എസ്എസ്, എന്‍സിസി കേഡറ്റുകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ബോധവത്കരണ ബൈക്ക് റാലിയും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു.

സ്ത്രീസുരക്ഷ, ലിംഗസമത്വം, അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധം തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ റാലിയില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി. ഫാറൂഖ് കോളെജ്, എംഇഎസ് ചാത്തമംഗലം, ഹോളി ക്രോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ കൂട്ടായ ഇടപെടല്‍ ഉറപ്പാക്കുക, സ്ത്രീകള്‍ക്ക് സുരക്ഷിതവും തുല്യനീതിയുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ക്യാമ്പയിനിന്റെ ഭാഗമായുള്ള വിവിധ ബോധവത്കരണ പരിപാടികള്‍ ഡിസംബര്‍ 10 വരെ ജില്ലയില്‍ തുടരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393276/orange-the-world-campaign-featuring-a-message-on-womens-safety-has-been-launched-in-the-district)