---
title: "പേരാമ്പ്രയിലെ പൈപ്പ് പൊട്ടല്‍: മന്ത്രിയുടെ അടിയന്തര ഇടപെടലില്‍ ജലവിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിച്ചു."
english_title: "Perambra Pipe Burst Water Supply Restored On War Footing After Minister Intervention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/393494/perambra-pipe-burst-water-supply-restored-minister-intervention"
published_at: "2026-11-27T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09c2f5a6e6d_mons.JPG"
keywords: ["Perambra", "Pipe Burst", "Water Supply", "Mons Joseph", "Kerala Water Authority"]
---

# പേരാമ്പ്രയിലെ പൈപ്പ് പൊട്ടല്‍: മന്ത്രിയുടെ അടിയന്തര ഇടപെടലില്‍ ജലവിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിച്ചു.

> **Lead Summary:** തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ക്കിടെ ജലസംഭരണിയിലേക്ക് ജലമെത്തിക്കുന്ന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ജലവിതരണം സമയബന്ധിതമായി പുനഃസ്ഥാപിച്ചു.

## Article Content

തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ക്കിടെ ജലസംഭരണിയിലേക്ക് ജലമെത്തിക്കുന്ന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ജലവിതരണം സമയബന്ധിതമായി പുനഃസ്ഥാപിച്ചു.

2026 നവംബര്‍ 26-ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പേരാമ്പ്രയില്‍ പൈപ്പ് പൊട്ടുകയും വളരെ ഉയരത്തില്‍ ജലം ചീറ്റിത്തെറിക്കുകയും ചെയ്തത്. മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ഗുരുതരമായ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മോന്‍സ് ജോസഫ് പ്രശ്‌നപരിഹാരത്തിന് വേണ്ടി നേരിട്ട് ഇടപെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടായത്.

കേരള വാട്ടര്‍ അതോറിട്ടിയുടെ ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടാന്‍ മന്ത്രി നിര്‍ദേശം കൊടുത്തു. ഇതേത്തുടര്‍ന്ന് ജലവിതരണം നിര്‍ത്തിവെക്കുകയും പൈപ്പിന്റെ അറ്റകുറ്റപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയും ജലവിതരണത്തിലെ തടസ്സം പരമാവധി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

കേരള വാട്ടര്‍ അതോറിറ്റി കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയും നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും, പൊതുജനങ്ങളുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ പൈപ്പിലേക്കുള്ള ജലപ്രവാഹം നിര്‍ത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് അടിയന്തിരപ്രധാന്യത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തി രാത്രി 10 മണിയോടെ പമ്പിംഗ് പുനരാരംഭിക്കുകയും അര്‍ധരാത്രി 12 മണിയോടെ ജലവിതരണം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തിട്ടുണ്ട്.

കേരള വാട്ടര്‍ അതോറിറ്റിയുടെ കാര്യക്ഷമവും ഏകോപിതവുമായ ഇടപെടലിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജലവിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചത് മന്ത്രിയുടെയും സര്‍ക്കാരിന്റെയും അടിയന്തിര ഇടപെടലും കര്‍ശന നിര്‍ദേശവും പാലിച്ചുകൊണ്ട് ആവശ്യമായ പ്രവര്‍ത്തി നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായതുകൊണ്ടാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ കാര്യാലയവും വാട്ടര്‍ അതോറിറ്റിയുടെ ചീഫ് ഓഫീസും ഒരുമണിക്കൂര്‍ ഇടവിട്ട് ചെയ്യുന്ന പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തുന്ന വിധത്തില്‍ ജാഗ്രത കാണിച്ചു. സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വ ബോധത്തോടെ ജോലി ചെയ്ത് പൂര്‍ത്തിയാക്കുന്നതിന് പ്രേരകമായിതീര്‍ന്നു.

വാട്ടര്‍ അതോറിറ്റിയില്‍ പൈപ്പ് പൊട്ടിയാല്‍ ആഴ്ചകളോളം നാഥനില്ലാതെ കിടക്കുന്ന ദുരവസ്ഥ ആവര്‍ത്തിക്കാന്‍ പാടില്ലെന്നുള്ള ജലവിഭവ വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിച്ചതായിട്ടാണ് പേരാമ്പ്ര അനുഭവം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ ജലവിതരണം തടസപ്പെട്ട സാഹചര്യം പുനഃസ്ഥാപിക്കാന്‍ സമയോചിതമായി കഴിയാതെ ഉണ്ടായ അനാസ്ഥയെ കുറിച്ച് ജലവിഭവ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് ഉണ്ടായതിനേക്കാള്‍ ഗുരുതരമായ സ്ഥിതിയില്‍ പേരാമ്പ്രയില്‍ പൈപ്പ് പൊട്ടല്‍ ഉണ്ടായെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞത് കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ സമീപന മാറ്റത്തിന്റെ പുത്തന്‍ മാതൃകയായി തീര്‍ന്നിട്ടുണ്ട്.

ഉത്തരവാദിത്വ പൂര്‍ണമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് സര്‍ക്കാരിന് വേണ്ടി അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/393494/perambra-pipe-burst-water-supply-restored-minister-intervention)