---
title: "ഇന്ത്യന്‍ ട്രൂത്ത് 2021 ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു "
english_title: "Indian Truth 2021 Visual Media Awards announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40259/indian-truth-2021-visual-media-awards-announced"
published_at: "2022-05-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e65512d6a7_AWARD1.jpg"
keywords: []
---

# ഇന്ത്യന്‍ ട്രൂത്ത് 2021 ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 

> **Lead Summary:** **പേരാമ്പ്ര** : ഇന്ത്യന്‍ ട്രൂത്ത് ഏര്‍പ്പെടുത്തിയ 2021 ലെ ദൃശ്യമാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മനോരമ ന്യൂസ് പാലക്കാട് കറസ്‌പോണ്ടന്റ് ബി.എല്‍. അരുണിനും മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം വയനാട് മലനാട് ചാനല്‍ സബ് എഡിറ്റര്‍ സുമി മധുവിനും.

## Article Content

**പേരാമ്പ്ര** : ഇന്ത്യന്‍ ട്രൂത്ത് ഏര്‍പ്പെടുത്തിയ 2021 ലെ ദൃശ്യമാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മനോരമ ന്യൂസ് പാലക്കാട് കറസ്‌പോണ്ടന്റ് ബി.എല്‍. അരുണിനും മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം വയനാട് മലനാട് ചാനല്‍ സബ് എഡിറ്റര്‍ സുമി മധുവിനും.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനൊപ്പം കോവിഡ് കാലത്തെ അതിജീവന സാമൂഹ്യ പ്രതിബദ്ധതാ റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് ഇത്തവണത്തെ പുരസ്‌കാരം പ്രഖ്യാപിച്ചത്.

പാലക്കാട് വാളയാറില്‍ മോട്ടോര്‍ വാഹന വകുപ്പിന് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത സാഹചര്യത്തിലും പുതിയ ചെക് പോസ്റ്റ് പണിയാന്‍ പത്ത് കോടി അനുവദിച്ചെന്ന അന്വേഷണ വാര്‍ത്ത, താല്‍ക്കാലിക ആര്‍ടിഒ ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പണത്തിനൊപ്പം കൈക്കൂലിയായി ലോറി ഉടമകളില്‍ നിന്ന് പഴവും പച്ചക്കറിയും വാങ്ങുന്നതായുള്ള അന്വേഷണ വാര്‍ത്ത, ശ്രദ്ധേയമായ ഇടപെടലുകളുണ്ടായ രണ്ട് വാര്‍ത്തകളും പരിഗണിച്ചാണ് അരുണിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവ പ്രതിഭാ മാധ്യമ പുരസ്‌കാരം, സംസ്ഥാന ക്ഷീര വികസന വകുപ്പ് മാധ്യമ പുരസ്‌കാരം, വി.കെ. മാധവന്‍കുട്ടി മാധ്യമ പുരസ്‌കാരം, അംബേദ്ക്കര്‍ നാഷണല്‍ കൗണ്‍സില്‍ മീഡിയ പുരസ്‌കാരം, മീഡിയ വോയിസ് എക്‌സലന്‍സ് മാധ്യമ പുരസ്‌കാരം, വയലാര്‍ സാംസ്‌ക്കാരിക വേദി മാധ്യമ പുരസ്‌കാരം, തിക്കുറിശ്ശി ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം, സര്‍ഗാലയ മാധ്യമ പുരസ്‌കാരം തുടങ്ങി നാല്‍പ്പതിലധികം പുരസ്‌കാരങ്ങള്‍ ഇതിനകം ബി.എല്‍. അരുണ്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കോവിഡില്‍ ആശങ്കയല്ല അതിജീവനമാണ് പ്രധാനം എന്ന് ഓര്‍മപ്പെടുത്തി നിരവധി അഭിമുഖങ്ങളും വാര്‍ത്താ ഇടപെടലുകളും നടത്തിയതിനാണ് സുമി മധുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ഇതിനകം വയനാട്ടില്‍ നിരവധി സാമൂഹിക ഇടപെടലുകള്‍ ഉറപ്പാക്കുന്ന വാര്‍ത്തയുടെ ഭാഗമായി സുമി മാറിയിട്ടുണ്ട്.

മികച്ച വാര്‍ത്താ അവതാരക എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലുകളാണ് സുമി മധു നടത്തിയിട്ടുള്ളത്.

മാധ്യമ പ്രവര്‍ത്തകന്‍ രങ്കു കെ. ഹരിദാസ് അധ്യക്ഷനും മനോജ് ഗുജറാത്ത്, അന്ന ജോര്‍ജ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് നിരവധി എന്‍ട്രികള്‍ പരിശോധിച്ച് പുരസ്‌കാരം നിര്‍ണയിച്ചത്.

10,001 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40259/indian-truth-2021-visual-media-awards-announced)