---
title: "പുതിയപ്പുറത്തെ അപകട വളവില്‍ സേഫ്റ്റി മിറര്‍ സ്ഥാപിച്ച് എസ്‌വൈഎസ് സാന്ത്വനം "
english_title: "SYS comfort by placing a safety mirror at the new danger curve"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40293/sys-comfort-by-placing-a-safety-mirror-at-the-new-danger-curve"
published_at: "2022-05-01T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e9f0c45f7f_0000 ATTACH  copy copy.jpg"
keywords: []
---

# പുതിയപ്പുറത്തെ അപകട വളവില്‍ സേഫ്റ്റി മിറര്‍ സ്ഥാപിച്ച് എസ്‌വൈഎസ് സാന്ത്വനം 

> **Lead Summary:** ** നടുവണ്ണൂര്‍:** ഉള്ളിയേരി - കുറ്റ്യാടി സംസ്ഥാന പാതയില്‍ അപകടം തുടര്‍ക്കഥയായി മാറിയ പുതിയപ്പുറത്ത് റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ച് എസ്‌വൈഎസ് സാന്ത്വനം.

## Article Content

** നടുവണ്ണൂര്‍:** ഉള്ളിയേരി - കുറ്റ്യാടി സംസ്ഥാന പാതയില്‍ അപകടം തുടര്‍ക്കഥയായി മാറിയ പുതിയപ്പുറത്ത് റോഡ് സേഫ്റ്റി മിറര്‍ സ്ഥാപിച്ച് എസ്‌വൈഎസ് സാന്ത്വനം.

കുന്നരംവെള്ളിയില്‍ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കയറ്റവും പെട്ടെന്നുള്ള വളവും ഒന്നിച്ചുള്ളതിനാല്‍ എതിര്‍ദിശകളില്‍ നിന്നും അതിവേഗതയില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്.

ഇത്തരത്തില്‍ ഇതിനകം അഞ്ച് ജീവനുകളാണ് നഷ്ടമായത്. മൂലാട് നിന്ന് നടുവണ്ണൂരിലേക്കും, ബാലുശേരിയില്‍ നിന്ന് കോട്ടൂര്‍ വഴി പേരാമ്പ്രയിലേക്കും എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്.

ഗവണ്‍മെന്റ് എല്‍പിസ്‌കൂള്‍ പെരവച്ചേരി, കുന്നരം വെള്ളി ജുമാമസ്ജിദ്, അത്തൂനി ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

അപകടം സംഭവിക്കുമ്പോള്‍ മാത്രം അധികാരികളുടെ ശ്രദ്ധ പതിയുന്ന ഈ മേഖലയില്‍ നാട്ടുകാര്‍ ശാശ്വത പരിഹാരം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

ചരക്കു കയറ്റിയ വലിയ വാഹനങ്ങളും കുടുംബസമ്മേതം യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങളും നിരന്തരമായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക പരിഹാരമായി സുന്നി യുവജനസംഘം കുന്നരംവെള്ളി യൂണിറ്റ് സാന്ത്വനം സമിതി റോഡ് സേഫ്റ്റി മിററുകള്‍ സ്ഥാപിച്ചത്.

സംസ്ഥാന പാതയിലും കുന്നരംവെള്ളിയിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലും ജുമാമസ്ജിദ് പരിസരത്തുമായി മൂന്ന് കണ്ണാടികളാണ് സ്ഥാപിച്ചത്. പദ്ധതിയുടെ സമര്‍പ്പണം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ നിര്‍വ്വഹിച്ചു.

കേരള മുസ് ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് ജബ്ബാര്‍ ഹാജി പുതിയപ്പുറത്ത് അദ്ധ്യക്ഷനായി. കേരള മുസ് ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് എസ്പിഎച്ച് ജാഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം സി.കെ സോമന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.പി.മനോഹരന്‍ പെരവച്ചേരി, കുന്നരംവെള്ളി മഹല്ല് പ്രസിഡന്റ് കെ.എം സൂപ്പി, മഹല്ല് ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുതിയപ്പുറം, എസ്‌വൈഎസ് പേരാമ്പ്ര സോണ്‍ ജന.സെക്രട്ടറി യൂസുഫ് ലത്വീഫി, സോണ്‍ സാന്ത്വനം സെക്രട്ടറി സജീര്‍ വാളൂര്‍, പോലീസ് ഉദ്യോഗസ്ഥന്‍ ഖാദര്‍ പാടാലില്‍, പി.ടി നാസര്‍ മുസ് ലിയാര്‍, ടി.കെ അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40293/sys-comfort-by-placing-a-safety-mirror-at-the-new-danger-curve)