---
title: "സാഹോദര്യത്തിന്റെ അലയൊലിയുമായി നാടെങ്ങും പെരുന്നാളാഘോഷം"
english_title: "Festivities across the country with waves of brotherhood"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40609/festivities-across-the-country-with-waves-of-brotherhood"
published_at: "2022-05-03T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270f4157f9f9_EID2.JPG"
keywords: []
---

# സാഹോദര്യത്തിന്റെ അലയൊലിയുമായി നാടെങ്ങും പെരുന്നാളാഘോഷം

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര മേഖലയില്‍ ഈദുല്‍ ഫിത്തര്‍ ആഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര മേഖലയില്‍ ഈദുല്‍ ഫിത്തര്‍ ആഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.

പള്ളികളില്‍ നിന്നും ഈദ് ഗാഹുകളില്‍ നിന്നും തക്ബീര്‍ ധ്വനികളുടെ ആരവങ്ങള്‍ ശ്രവിച്ചാണ് ചൊവ്വാഴ്ച നാടും നഗരവും ഉണര്‍ന്നത്. പുത്തനുടുപ്പുകളണിഞ്ഞ് ധാരാളം വിശ്വാസികള്‍ നമസ്‌കാരത്തില്‍ അണിചേര്‍ന്നു.

നമസ്‌കാരത്തിന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍ വി. മുഹമ്മദ് ഇഖ്ബാല്‍ ഹുദവിയും പേരാമ്പ്ര സലഫി ജുമാ മസ്ജിദ് പരിസരത്തെ ഈദ് ഗാഹിന് ജൗഹര്‍ അയനിക്കോടും പേരാമ്പ്ര ദാറുന്നുജൂം കോളജ് ഗ്രൗണ്ടില്‍ ഈദ് ഗാഹിന് ടി.ശാക്കിറും പേരാമ്പ്ര ജബലുന്നൂര്‍ മസ്ജിദുശിഹാബില്‍ പി.എം. കോയ മുസ്ല്യാരും കക്കാട് ജുമാ മസ്ജിദില്‍ അഷ്‌റഫ് അമാനിയും മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ് ലാഹി പരിസരത്തെ ഈദ് ഗാഹിന് ഷമീര്‍ വാകയാടും നേതൃത്വം നല്‍കി.

ചാലിക്കര ജുമാ മസ്ജിദില്‍ മുഹമ്മദലി ബാഖവിയും ചാലിക്കര മസ്ജിദുല്‍ ഇസ് ലാഹിയില്‍ ടി.കെ ശാക്കിറും എരവട്ടൂര്‍ ഹുജ്ജത്തുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ അബ്ദുറസാഖ് ദാരിമി എന്നിവരുമാണ് നേതൃത്വം നല്‍കിയത്.

എരവട്ടൂര്‍ നരിക്കിലാ പുഴ ജുമാ മസ്ജിദില്‍ സക്കരിയ്യ ബാഖവിയും ചേനോളി ജുമാ മസ്ജിദില്‍ ഇര്‍ഷാദ് മുസ്ല്യാരും വാല്യക്കോട് ജുമാ മസ്ജിദില്‍ ഷാഫി ഹൈത്തമിയും പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം തകര്‍ക്കാല്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് നമസ്‌കാരിനന്തരം നടന്ന പ്രഭാഷണങ്ങളില്‍ മതപണ്ഡിതന്‍മാര്‍ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് ബന്ധുവീടുകള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കി. ഇതര സമുദായാംഗങ്ങളുമായി ഈദാശംസ കൈമാറി. ഈദാഘോഷത്തോടനുബന്ധിച്ച് ഫിത്തര്‍ സക്കാത്ത് വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40609/festivities-across-the-country-with-waves-of-brotherhood)