---
title: "ഊടുവഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചു"
english_title: "attacked the house of a Congress worker at Ooduvazhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41248/attacked-the-house-of-a-congress-worker-at-ooduvazhi"
published_at: "2022-05-07T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275f09adce06_ATTACK.jpg"
keywords: []
---

# ഊടുവഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചു

> **Lead Summary:** **മരുതേരി** : പേരാമ്പ്ര മരുതേരി ഊടുവഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. അക്രമത്തില്‍ സ്ത്രീക്ക് പരിക്ക്.

## Article Content

**മരുതേരി** : പേരാമ്പ്ര മരുതേരി ഊടുവഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. അക്രമത്തില്‍ സ്ത്രീക്ക് പരിക്ക്.

ഊടുവഴി മാവില കണ്ടി ഷബീറിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ കല്ലേറ് ഉണ്ടായത്.

സംഭവം നടക്കുമ്പോള്‍ മൂന്നു സ്ത്രീകള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷബീറും അനുജന്മാരായ ഷമീര്‍, ഷാക്കിര്‍ എന്നിവര്‍ അടുത്തുള്ള ഗൃഹപ്രവേശനം നടക്കുന്ന വീട്ടിലായിരുന്നു.

കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്ന് കല്ലുകള്‍ അകത്ത് പതിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച ചില്ലുകള്‍ ദേഹത്ത് പതിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മ അലീമക്ക് പരിക്കുപറ്റിയിട്ടുണ്ടു.

അവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അടുത്ത കാലത്തായി രാത്രിയുടെ മറവില്‍ ഇത്തരം പ്രവൃത്തികള്‍ നടന്നുവരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്മാരാണ് ഈ കുടുംബം. മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഉയര്‍ത്തിയ കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു.

രാത്രിയുടെ മറവില്‍ ഇത്തരം അക്രമങ്ങള്‍ നടത്തുന്ന സമൂഹ്യ ദ്രോഹികളെ എത്രയും പെട്ടെന്ന് അമര്‍ച്ച ചെയ്യണമെന്നും വീടിനു നേരെ നടന്ന അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കമെന്നും ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

വൈകുന്നേരം ഊടുവഴിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41248/attacked-the-house-of-a-congress-worker-at-ooduvazhi)