മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ 8-ാം വാര്‍ഡിലെ ഒരു അതിഥി തൊഴിലാളി കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് മലമ്പനി സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരം, ടെറസ്, ഓവര്‍ ഹെഡ് ടാങ്ക് എന്നിവ പരിശോധിച്ച് കൊതുകു വാരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് അതിഥിതൊഴിലാളികള്‍ക്കായി രാത്രികാല മലമ്പനി, മന്ത് രോഗ പരിശോധനാ ക്യാമ്പ് നടത്തി.
പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പനി സര്‍വ്വേ ഉറവിട നശീകരണം, മലമ്പനി രക്ത പരിശോധന എന്നിവ നടത്തി.
ഡിസ്ട്രിക്ട് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫിസര്‍ കെ.കെ. ഷിനി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മനോജ് എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ അസിസ്റ്റന്റ് എന്റമോളജിസ്റ്റ് കെ.ബിന്ദു, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ കൊതുക് സാന്ദ്രതാ പഠനം, കീടനാശിനി തളിക്കല്‍ എന്നിവ നടത്തി.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതിഥി തൊഴിലാളികളെ മുഴുവന്‍ സ്ക്രീനിങ് നടത്തുവാനും, അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കര്‍ശന ശുചിത്വ പരിശോധന നടത്തുവാനും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഭാസ്കരന് കൊഴുക്കല്ലൂര്‍, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍, ടി.ഒ.ചന്ദ്രലേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി. സതീഷ് , പിഎച്ച്എന്‍ കെ.ആര്. ലത എന്നിവര്‍ സംസാരിച്ചു.
Malaria prevention activities intensified in Maypayur