---
title: "പേരാമ്പ്രയില്‍ ഇന്നും തെരുവ് നായയുടെ ആക്രമണം "
english_title: "Street dog attack still in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42683/street-dog-attack-still-in-perambra"
published_at: "2022-05-14T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f3b403e15f_DOG.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഇന്നും തെരുവ് നായയുടെ ആക്രമണം 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയില്‍ ഇന്നും തെരുവ് നായയുടെ ആക്രമണം. മദ്ധ്യവയസ്‌കക്ക് നായയുടെ കടിയേറ്റു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയില്‍ ഇന്നും തെരുവ് നായയുടെ ആക്രമണം. മദ്ധ്യവയസ്‌കക്ക് നായയുടെ കടിയേറ്റു.

ഇന്നലെ തെരുവുനായയുടെ അക്രമമുണ്ടായ പേരാമ്പ്ര ഒലിവ് സ്‌കൂളിന് സമീപമാണ് ഇന്നും തെരുവുനായയുടെ അക്രമമുണ്ടായത്.

നീലോത്ത് മീത്തല്‍ റംല (57) ക്കാണ് കടിയേറ്റത്. ഒലീവ് പബ്ലിക് സ്‌കൂളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുമ്പോള്‍ നായ ഓടി വന്ന് കടിക്കുകയായിരുന്നു. റംലയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് തെരുവ് നായ അക്രമത്തില്‍ പേരാമ്പ്രയില്‍ അഞ്ച് പേര്‍ക്ക് കടിയേറ്റിരുന്നു.

പേരാമ്പ്ര പട്ടണത്തില്‍ പൈതോത്ത് റോഡ്, ചിരുത കുന്ന്, ഒലീവ് സ്‌ക്കൂള്‍ പരിസരം എന്നിവിടങ്ങളിലായിരുന്നു തെരുവ് നായയുടെ അക്രമം ഉണ്ടായത്.

വൈകീട്ട് അഞ്ച് മണിയോടെ ചിരുത കുന്നില്‍ വാസു, ചാലില്‍ പുഷ്പവേണി, പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വാഴയില്‍ ജാനു, ഒലീവ് സ്‌ക്കൂളിന് സമീപം കോരന്‍ കണ്ടി ശൈത്യ, കോരന്‍ കണ്ടി റീജ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

വാഴയില്‍ ജാനുവിനും ചാലില്‍ പുഷ്പവേണിക്കും വീട്ടില്‍നില്‍ക്കുമ്പോഴും കോരങ്കണ്ടി റീജയെയും കോരങ്കണ്ടി ശൈത്യയെയും വീട്ടുമുറ്റത്ത് നിന്നും ചിരുതകുന്നിലെ റിട്ട. അധ്യാപകനായ വാസു കടയില്‍ നില്‍ക്കുമ്പോഴായിരുന്നു നായ കടിച്ചത്. ഇയാള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മറ്റു നാലു പേര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42683/street-dog-attack-still-in-perambra)