---
title: "ജാതി വിവേചനത്തിനെതിരെ നവോത്ഥാന സദസ്സുമായി വെല്‍ഫെയര്‍ പാര്‍ട്ടി "
english_title: "Welfare Party with Renaissance audience against caste discrimination perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43084/welfare-party-with-renaissance-audience-against-caste-discrimination-perambra"
published_at: "2022-05-16T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62820af7c1ac8_JATHI BHU PRESHNAM.JPG"
keywords: []
---

# ജാതി വിവേചനത്തിനെതിരെ നവോത്ഥാന സദസ്സുമായി വെല്‍ഫെയര്‍ പാര്‍ട്ടി 

> **Lead Summary:** **പേരാമ്പ്ര : **ജാതി വിവേചനത്തിനെതിരെ നവോത്ഥാന സദസ്സുമായി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തെത്തി. ജാതി പ്രശ്‌നവും ഭൂപ്രശ്‌നവും അഭിമുഖീകരിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടെന്ന് ഹമീദ് വാണിയമ്പലം.

## Article Content

**പേരാമ്പ്ര : **ജാതി വിവേചനത്തിനെതിരെ നവോത്ഥാന സദസ്സുമായി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തെത്തി. ജാതി പ്രശ്‌നവും ഭൂപ്രശ്‌നവും അഭിമുഖീകരിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടെന്ന് ഹമീദ് വാണിയമ്പലം.

ജാതി വിവേചനത്തിനെതിരെ സാഹോദര്യ രാഷ്ട്രീയത്തിന്റെ പൊതുബോധം പുലരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. പേരാമ്പ്ര ഗവ: വെല്‍ഫെയര്‍ സ്‌കൂള്‍ ജാതി വിവേചനത്തിന്നെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രപരമായും സാമൂഹീകമായും പുറം തള്ളപ്പെട്ട കേരളത്തിലെ പിന്നോക്ക ജാതിയില്‍പ്പെട്ടവര്‍ അനുഭവിക്കുന്ന ഭൂപ്രശ്‌നവും, ജാതി വിവേചനവും അഭിമുഖീകരിക്കുന്നതില്‍ കേരളത്തിലെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം പരാജയപ്പെട്ടെന്നും ഇതിന്റെ ഉദാഹരണമാണ് പേരാമ്പ്രയിലെ സാംബവ കോളനിയും, മറ്റൊരു വിദ്യാര്‍ത്ഥിയും പഠിക്കാന്‍ വരാത്ത പെതു വിദ്യാലയമായ വെല്‍ഫെയര്‍ സ്‌കൂളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഭരിക്കുന്ന സംഘ പരിവാര്‍ നേതൃത്വം കൊടുക്കുന്ന ബിജെപി ഗവണ്‍മെന്റ്, ജാതി പീഢനങ്ങള്‍ക്കും വംശീയ ഉന്‍മൂലനങ്ങള്‍ക്കും ചൂട്ടു പിടിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ സാഹോദര്യത്തിലധിഷ്ഠിതമായ പുതിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് വളരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ ജേണലിസ്റ്റ് എന്‍.പി. ചെക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അംബേദ്കറിന്റെ കാലഘട്ടത്തിലെ സാമൂഹിക പ്രശ്‌നം ഇന്ന് ഇന്ത്യയില്‍ നേരിടുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമായി മുസ്ലിം ന്യൂനപക്ഷമാണെന്ന് സീനിയര്‍ ജേണലിസ്റ്റ് എന്‍.പി. ചെക്കുട്ടി പ്രസ്താവിച്ചു.

ഗവ: വെല്‍ഫെയര്‍ സ്‌കൂള്‍ പേരാമ്പ്രയില്‍ 2018-19, 2019-2020 ലും കുട്ടികളെ ചേര്‍ത്ത് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ് മെന്റിനോട് ഐക്യദാര്‍ഢ്യം നടത്തിയ രക്ഷിതാക്കള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ നല്‍കി.

വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് സ്റ്റേറ്റ് പ്രസിഡന്റ് ജബീന ഇര്‍ഷാദ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, മുതലമട ഭൂസമര സമിതി ചെയര്‍മാന്‍ ശിവരാജ് ഗോവിന്ദപുരം, കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.കെ. നൗഷാദ്, ഫ്രറ്റേണിറ്റി ആക്റ്റിംഗ് പ്രസിഡന്റ് നഈം ഗഫൂര്‍, വെര്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം പി.സി. ഭാസ്‌കരന്‍, പവിത പേരാമ്പ്ര, ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മാധവന്‍ ശഹീന്ദ്രന്‍ ബപ്പങ്ങാട് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.പി. വേലായുധന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണ്ഡലം സെക്രട്ടറി എം.ടി. അഷ്‌റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43084/welfare-party-with-renaissance-audience-against-caste-discrimination-perambra)