---
title: "കെഎപി ആറാം ബറ്റാലിയന്‍ ആസ്ഥാനം പെരുവണ്ണാമൂഴിയില്‍; എഡിജിപി സ്ഥല പരിശോധന നടത്തി"
english_title: "KAP 6th Battalion Headquarters at Peruvannamoozhi; ADGP conducted site inspection perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43946/kap-6th-battalion-headquarters-at-peruvannamoozhi-adgp-conducted-site-inspection-perambra"
published_at: "2022-05-20T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628793ae885ec_sthalaparishothana.JPG"
keywords: []
---

# കെഎപി ആറാം ബറ്റാലിയന്‍ ആസ്ഥാനം പെരുവണ്ണാമൂഴിയില്‍; എഡിജിപി സ്ഥല പരിശോധന നടത്തി

> **Lead Summary:** ** പേരാമ്പ്ര :** കേരള ആംഡ് പൊലീസ് ആറാം ബറ്റാലിയന്‍ ആസ്ഥാനത്തിനായി എഡിജിപി കെ. പത്മകുമാറിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴിയില്‍ സ്ഥല പരിശോധന നടത്തി. സിആര്‍പിഎഫിന് പാട്ടത്തിന് നല്‍കിയ ഭൂമിയാണ് പരിശോധിച്ചത്.

## Article Content

** പേരാമ്പ്ര :** കേരള ആംഡ് പൊലീസ് ആറാം ബറ്റാലിയന്‍ ആസ്ഥാനത്തിനായി എഡിജിപി കെ. പത്മകുമാറിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴിയില്‍ സ്ഥല പരിശോധന നടത്തി. സിആര്‍പിഎഫിന് പാട്ടത്തിന് നല്‍കിയ ഭൂമിയാണ് പരിശോധിച്ചത്.

പുതുതായി ആരംഭിക്കുന്ന കെഎപി ബറ്റാലിയന്റെ ആസ്ഥാനത്തിനും സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുമായാണ് സ്ഥലം കണ്ടെത്തിയത്. ചക്കിട്ടപാറ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, 6 -ാം ബെറ്റാലിയന്‍ കമാന്റന്റ് വിവേക് കുമാര്‍ ഐപിഎസ്, ഓഫീസ് കമാന്റര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് എഡിജിപി സ്ഥല സന്ദര്‍ശനം നടത്തിയത്.

സന്ദര്‍ശനത്തില്‍ തൃപ്തി പ്രകടിപ്പിച്ച എഡിജിപി, ക്യാമ്പിന് ഏറ്റവും അനുയോഗ്യമായ സ്ഥലമാണിതെന്ന് അഭിപ്രായപ്പെട്ടു. ബറ്റാലിയന്‍ ആസ്ഥാനം യാഥാര്‍ത്ഥ്യമായാല്‍ ക്വാട്ടേഴ്സുകള്‍, പരേഡ് ഗ്രൗണ്ട്, കമാന്റന്റ് ഓഫീസുകള്‍ എന്നിവ നിലവില്‍ വരും.

ഗ്രാമപഞ്ചായത്തിന് റവന്യൂ വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത കുടിവെള്ള സൗകര്യങ്ങള്‍ എഡിജിപി വിലയിരുത്തി. സിആര്‍പിഎഫിനു നല്‍കിയ ഭൂമി തിരിച്ച് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയില്‍ സിആര്‍പിഎഫിനു പാട്ടത്തിനു നല്‍കിയ 40 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഐക്യഖണേ്ഠന പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2012 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിആര്‍പിഎഫ് ഹെഡ് കോട്ടേഴ്സ് ആരംഭിക്കുന്നതിനു വേണ്ടിയാണു കരാര്‍ പ്രകാരം ഭൂമി ഏറ്റെടുത്തതെന്നും, ഏറ്റെടുത്ത് 11 വര്‍ഷം കഴിഞ്ഞിട്ടും കരാറില്‍ പറഞ്ഞ ഒരു കാര്യം പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോട്ടേഴ്സുകള്‍, ആശുപത്രികള്‍, ഇന്റര്‍ നാഷണല്‍ സ്‌കൂളുകള്‍, മൈതാനം തുടങ്ങിയവ നിര്‍മ്മിക്കുമെന്ന് പറഞ്ഞിട്ട് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇവിടെ നടപ്പിലാക്കിയില്ലെന്നും, ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ. സുനില്‍ അറിയിച്ചു.

30 വര്‍ഷത്തേക്കാണ് സിആര്‍പിഎഫിന് ഭൂമി പാട്ടത്തിന് നല്‍കിയത്. ഇവിടെ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് വ്യവസ്ഥയുള്ളതായും ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43946/kap-6th-battalion-headquarters-at-peruvannamoozhi-adgp-conducted-site-inspection-perambra)