---
title: "തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യൂനിഫോം: ചരിത്ര മാറ്റവുമായി ചക്കിട്ടപാറയിലെ 12ാം വാര്‍ഡ് "
english_title: "തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യൂനിഫോം: ചരിത്ര മാറ്റവുമായി ചക്കിട്ടപാറയിലെ 12ാം വാര്‍ഡ് "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44209/12"
published_at: "2022-05-21T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628919f6468e9_vvvv - Copy (3) - Copy.JPG"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യൂനിഫോം: ചരിത്ര മാറ്റവുമായി ചക്കിട്ടപാറയിലെ 12ാം വാര്‍ഡ് 

> **Lead Summary:** **ചക്കിട്ടപാറ: **തൊഴിലുറപ്പ് മേഘലയില്‍ ചരിത്ര മാറ്റവുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കോട്ട് രൂപ കല്‍പ്പന ചെയ്താണ് ചക്കിട്ടപാറ വാര്‍ഡ് ചരിത്രത്തിന്റെ ഏടുകളില്‍ പുതിയ മേല്‍വിലാസം സൃഷ്ടിച്ചത്.

## Article Content

**ചക്കിട്ടപാറ: **തൊഴിലുറപ്പ് മേഘലയില്‍ ചരിത്ര മാറ്റവുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കോട്ട് രൂപ കല്‍പ്പന ചെയ്താണ് ചക്കിട്ടപാറ വാര്‍ഡ് ചരിത്രത്തിന്റെ ഏടുകളില്‍ പുതിയ മേല്‍വിലാസം സൃഷ്ടിച്ചത്.

ഇനി ഇവിടുത്തെ തൊഴിലുറപ്പുകാര്‍ക്ക് കോര്‍പ്പറേറ്റ് മേഘലയെ വെല്ലുന്ന യൂനിഫോം. തൊഴിലുറപ്പ് ചരിത്രത്തില്‍ ആദ്യ ചുവടുവെപ്പ്.

ചക്കിട്ടപ്പാറ അങ്ങാടി ശുചീകരണത്തിനിടക്ക് വാര്‍ഡ് മെംബര്‍ ജിതേഷ് മുതുകാടിന്റെ മനസ്സില്‍ ഉദിച്ചു വന്ന ആലോചനയാണ് ഇന്ന് വാര്‍ഡിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും കോട്ട് യാഥാര്‍ത്ഥ്യമായത്.

അന്ന് 100 തൊഴിലാളികള്‍ക്കിടയില്‍ നടന്ന ചര്‍ച്ച പിന്നീട് തൊഴിലുറപ്പ് ഗ്രാമസഭയില്‍ എത്തുകയും മുഴുവന്‍ തൊഴിലാളികളും കോട്ട് എന്ന ആശയം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഗ്രാമ സഭ കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് തന്നെ മേറ്റുമാരുടെ ഫോണ്‍ വിളിയെത്തി. കോട്ടിനുള്ള പണം മേറ്റ് മാരുടെ കൈയ്യില്‍ ഓരോ തൊഴിലാളികളും കൊടുത്തിരുന്നു അടുത്ത പണി തുടങ്ങുമ്പോള്‍ കോട്ട് ഞങ്ങള്‍ക്ക് ഇടണം എന്നും പറഞ്ഞു.

പിന്നീട് എല്ലാം പെട്ടന്നായിരുന്നു. തയ്യല്‍ക്കാരനെ കണ്ടു, മോഡല്‍ നോക്കി, അളവെടുത്തു, പിന്നെ മെംബര്‍ ജിതേഷ് മുതുകാട് തിരിപ്പൂരിലേക്ക്. പല മില്ലുകളിലും കയറിയിറങ്ങി മോഡല്‍ കണ്ടെത്തി.

പുലര്‍ച്ചെ നാട്ടിലെത്തി. പിന്നീട് കാലത്ത് തന്നെ 7 അയല്‍സഭ തിരിച്ച് 'കോട്ടി'ന്റെ അളവ് എടുക്കാന്‍ സമയം തീരുമാനിച്ചു. തൊഴിലാളികളും കൃത്യസമയത്ത് തയ്യാര്‍. കേവലം 15 ദിവസത്തിനുള്ളില്‍ 216 ആളുകള്‍ക്ക് 432 കോട്ടുകള്‍ തയ്ച്ചു കോട്ട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി.

തൊഴില്‍ കാര്‍ഡ്, ഫോണ്‍ ഇവ വയ്ക്കാന്‍ പ്രത്യേകം പോക്കറ്റുകളും കോട്ടിനായി ഡിസൈന്‍ ചെയ്തു. തൊഴിലുറപ്പ് തൊഴിലാഗ്രാമസഭയില്‍ വെച്ച് വാര്‍ഡിലെ മുതിര്‍ന്ന തൊഴിലാളികളായ കുഞ്ഞിരാമന്‍ പനമറ്റംപറമ്പിലിനും ബിയത്തുമ്മ കക്കറമ്മലിനും 'കോട്ട് ' ഇട്ടുകൊടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നടത്തി.

ഇന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ 'കോട്ട് ' ധരിച്ച് ആവേശത്തോടെ അതിലേറെ അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് അവര്‍ ജോലി ചെയ്യുന്നു, ഒപ്പം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയ്യെടുത്ത മെംബര്‍ ജിതേഷ് മുതുകാടും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44209/12)