---
title: "പേരാമ്പ്രയില്‍ ഇന്ന് ഓട്ടോ പണിമുടക്ക് "
english_title: "Auto strike in Perambra today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44468/auto-strike-in-perambra-today"
published_at: "2022-05-23T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b3a1a3e295_auto thozhilali.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഇന്ന് ഓട്ടോ പണിമുടക്ക് 

> **Lead Summary:** **പേരാമ്പ്ര** : കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഓട്ടോ തൊഴിലാളിയെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്ക് നടത്തി.

## Article Content

**പേരാമ്പ്ര** : കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഓട്ടോ തൊഴിലാളിയെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്ക് നടത്തി.

ഇന്നലെയാണ് ചേനോളി റോഡില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളിയായ ചേനോളി കോറോത്ത് അന്‍വര്‍ (42) നെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രണ്ട് കാറുകള്‍ റോഡില്‍ ബ്ലോക്കായപ്പോള്‍ ഗതാഗത തടസം ഒഴിവാക്കാൻ കാറുകൾക്ക് സൈഡ് പറഞ്ഞു കൊടുക്കുകയായിരുന്ന അന്‍വറിനെ ഒരു കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പിടിച്ച് മാറ്റാന്‍ ചെന്നവരെയും ഇവര്‍ മര്‍ദ്ദിച്ചതായും ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ കഴുത്തിന് സാരമായി പരുക്കേറ്റ അന്‍വറിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.

സംഭവത്തില്‍ പ്രതിഷേധിച്ച് ചേനോളി റോഡ് സംയുക്ത ഓട്ടോ തൊഴിലാളി ഓട്ടം നിര്‍ത്തി പ്രതിഷേധിക്കുകയും പട്ടണത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതിഷേധ യോഗം സിഐടിയു ജില്ല കമ്മിറ്റി അംഗം കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.എം. ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒ.ജി. ഗലേഷ്, ഇബ്രായി കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

ഇവിടെ ഓട്ടോ തൊഴിലാളികള്‍ക്ക് നേരെ ഇടക്കിടെ അക്രമമുണ്ടാവാറുണ്ടെന്നും പരാതിയില്‍ പൊലീസ് നടപടിയുണ്ടാകാത്തതാണ് വീണ്ടും അക്രമം നടത്താന്‍ പ്രചോദനമാവുന്നതെന്നും തൊഴിലാളികള്‍ ആരോപിച്ചു.

നിരന്തരമുണ്ടാവുന്ന ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാവണമെന്നും ഭയരഹിതമായി തൊഴില്‍ എടുക്കാനുള്ള അവസരം ഒരുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

പ്രകടനത്തിന് ശ്രീലേഷ് കളോളിപൊയില്‍, ഷാജി ആലക്കാട്ട്, ആദര്‍ശ് ചേനോളി, രാജന്‍ േകാമളം, ലിപിന്‍ ചേനോളി, സി.എം. സുബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ച് 11 മണിയോടെ സര്‍വ്വീസ് പുനരാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44468/auto-strike-in-perambra-today)