---
title: "ശ്രീരാഗം ഫെസ്റ്റ് 2022: വിദ്യാധരന്‍ മാഷ് പേരാമ്പ്രക്ക് നവ്യാനുഭവമായി "
english_title: "Sreeragam Fest 2022: Vidyadharan Mash Perambra has a new experience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45451/sreeragam-fest-2022-vidyadharan-mash-perambra-has-a-new-experience"
published_at: "2022-05-27T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290f29bae937_vvvv - Copy (3) - Copy.JPG"
keywords: []
---

# ശ്രീരാഗം ഫെസ്റ്റ് 2022: വിദ്യാധരന്‍ മാഷ് പേരാമ്പ്രക്ക് നവ്യാനുഭവമായി 

> **Lead Summary:** **പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് പേരാമ്പ്രയുടെ മൂന്നാം വാര്‍ഷിക ഉദ്ഘാടനം പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് പേരാമ്പ്രയുടെ മൂന്നാം വാര്‍ഷിക ഉദ്ഘാടനം പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

'കല്‍പ്പാന്ത കാലത്തോളം'.., സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ചന്ദനം മണക്കുന്ന പൂന്തോട്ടം, നഷ്ട സ്വപ്നങ്ങളെ, പാടുവാനായി വന്നു നിന്റെ, താലോലം പൈതല്‍, കണ്ണും നട്ട് കാത്തിരുന്നിട്ടും.... തുടങ്ങി എക്കാലത്തെയും ഹിറ്റുകളായ നിരവധി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച വിദ്യാധരന്‍ മാസ്റ്ററുടെ സാന്നിധ്യം പേരാമ്പ്രക്ക് വേറിട്ട ഒരു അനുഭവമായി.

ചടങ്ങില്‍ പുരുഷോത്തമന്‍ അധ്യക്ഷനായി. സംഗീത അധ്യാപകരായ കാവുംവട്ടം വാസുദേവന്‍, സതീശന്‍ നമ്പൂതിരി ചെരണ്ടത്തൂര്‍, നാടകനടനും കലാകാരനുമായ ടി.ആര്‍ രാധാകൃഷ്ണന്‍ എന്നീ ഗുരുക്കന്മാരെ ആദരിക്കുകയും ചെയ്തു.

ചടങ്ങില്‍ ജാനു തമാശ ഫെയിം ലിധിലാല്‍ വടകര, ജ്യോതിഷ് വടകര എന്നിവര്‍ മുഖ്യ അതിഥികളായി. ലോക് ഡൗണ്‍ സമയത്ത് ഓണ്‍ലൈനില്‍ നടത്തിയ ചിത്ര ചേച്ചി ഇഷ്ടം ഗാനാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നിമിത കൃഷ്ണകുമാറിന് ശ്രീരാഗം നല്‍കുന്ന സ്വര്‍ണ്ണനാണയം വിദ്യാധരന്‍ മാസ്റ്റര്‍ സമ്മാനിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയും, ചാനലുകളിലൂടെയും തരംഗങ്ങള്‍ ആയ സംഗീത വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

സംഗീത വിദ്യാര്‍ഥിനി ബിന്ദു സിത്താര എഴുതി ഈണം നല്‍കി ആലപിച്ച ഗാനം ഹൃദയനിലാവ് സംഗീത ആല്‍ബവും ചടങ്ങില്‍ വിദ്യാധരന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.

ശ്രീകല ഗോകുല്‍, വിനോദ്, ശ്രീജ മേപ്പയൂര്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ശീരാഗം ഡയറക്ടറും സംഗീത അധ്യാപകനും ഗായകനുമായ ശ്രീജിത്ത് കൃഷ്ണ സ്വാഗതവും വിജയശ്രീ നന്ദിയും പറഞ്ഞു.

സീനിയര്‍ വിദ്യാര്‍ഥികളുടെ സംഗീത അര്‍ച്ചനയും, 55 ഓളം കുട്ടികള്‍ പങ്കെടുത്ത ഗാനമേളയും കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45451/sreeragam-fest-2022-vidyadharan-mash-perambra-has-a-new-experience)