---
title: "കൊലവിളി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് "
english_title: "SDPI DySP office marches demanding action against killers perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46944/sdpi-dysp-office-marches-demanding-action-against-killers-perambra"
published_at: "2022-06-03T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299dae356458_march pba1.JPG"
keywords: []
---

# കൊലവിളി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് 

> **Lead Summary:** **പേരാമ്പ്ര: **ഹലാല്‍ ബീഫിന്റെ പേരില്‍ പേരാമ്പ്രയില്‍ കൊലവിളി പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിനും കലാപാഹ്വാനത്തിനും കേസെടുക്കാന്‍ തയ്യാറാവാത്ത പൊലീസ് പക്ഷപാത സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പേരാമ്പ്ര ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **ഹലാല്‍ ബീഫിന്റെ പേരില്‍ പേരാമ്പ്രയില്‍ കൊലവിളി പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിനും കലാപാഹ്വാനത്തിനും കേസെടുക്കാന്‍ തയ്യാറാവാത്ത പൊലീസ് പക്ഷപാത സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പേരാമ്പ്ര ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തി.

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുക, പൊലീസിന്റെ നിസംഗത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡിവൈഎസ്പി ഓഫീസിന് സമീപം പൊലീസ് തടയുകയായിരുന്നു. പേരാമ്പ്ര, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി, അത്തോളി പൊലീസ് ഇന്‍സ്പക്ടര്‍മാരായ എം. സജീവ്കുമാര്‍, കെ.പി. സുനില്‍ കുമാര്‍, കെ. സുഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണന്നും ആര്‍.എസ്.എസ്സിനെതിരേ ശബ്ദിക്കുന്നവര്‍ക്കെതിരേ 153 (എ) ചുമത്തി കണ്ണില്‍ കണ്ടവരെയെല്ലാം റിമാന്റ് ചെയ്യുന്ന പൊലീസിന്റെ നിലപാടുകള്‍ക്കിടയിലാണ് വിദ്വേഷം പ്രചരിപ്പിച്ചതിന് തെളിവുണ്ടായിട്ടും പേരാമ്പ്രയിലെ പൊലീസ് നിസ്സാര വകുപ്പുകള്‍ മാത്രം ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും മുസ്തഫ ആരോപിച്ചു.

പേരാമ്പ്രയിലെ ആര്‍എസ്എസ് പ്രകടനത്തിലെ പ്രതികള്‍ക്കെതിരെ ഗുരുതരമായ മത വിദ്വേഷവും മതസ്പര്‍ധയും സംഘര്‍ഷവും ഉണ്ടാക്കാവുന്ന മുദ്രാവാക്യത്തിന്റെ പേരില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ 153 (എ) വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. റഷീദ് ഉമരി, കെ.പി. ഗോപി, എം.പി. കുഞ്ഞമ്മദ്, ശ്രീജിത്ത് വേളം, സി.കെ. കുഞ്ഞിമൊയ്തീന്‍, റഷീദ് മുതിരക്കല്‍, വി. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് നവാസ് കണ്ണാടിയില്‍, റിയാസ് പയ്യോളി, കെ. ഷംസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46944/sdpi-dysp-office-marches-demanding-action-against-killers-perambra)