---
title: "കായണ്ണയിലെ ആള്‍ ദൈവത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും"
english_title: "Protest and public meeting against the people of Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46952/protest-and-public-meeting-against-the-people-of-kayanna"
published_at: "2022-06-03T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299e4ac98a71_prethishetha prekadanam.JPG"
keywords: []
---

# കായണ്ണയിലെ ആള്‍ ദൈവത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും

> **Lead Summary:** ** പേരാമ്പ്ര : **കായണ്ണയിലെ ആള്‍ ദൈവത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. വിശ്വാസത്തിന്റെ പേരില്‍ ഭക്തരെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്.

## Article Content

** പേരാമ്പ്ര : **കായണ്ണയിലെ ആള്‍ ദൈവത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. വിശ്വാസത്തിന്റെ പേരില്‍ ഭക്തരെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്.

കായണ്ണ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ചന്ദനവയല്‍ ഭാഗത്ത് ചാരുപറമ്പില്‍ രവി എന്ന സിദ്ധന്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് വിശ്വാസികളെ സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നത്. കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി രവി ജയില്‍ റിമാന്റിലായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരും ഇയാള്‍ക്കെതിരെ രംഗത്ത് വരുന്നത്.

കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ചാരുപറമ്പില്‍ ക്ഷേത്രത്തില്‍ ഇയാള്‍ വീണ്ടും ദര്‍ശനം നല്‍കാന്‍ തുടങ്ങിയതോടെയാണ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധവുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളും ഇവിടെ നശിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നാട്ടുകാര്‍ക്കെതിരെ ഇയാളുടെ ആളുകള്‍ ഭീഷണി മുഴക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിച്ച് വീണ്ടും സിദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലും പ്രതിഷേധിച്ച് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സി.ടി. ഷിബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാലകൃഷ്ണന്‍ മണികുലുക്കി, എം. ചോയ്, കെ.പി. സത്യന്‍, എന്‍.പി. ഗോപി, എ.സി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ആക്ഷന്‍ കമ്മിറ്റി അംഗം എ.സി. ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. ബാബു നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് എ.സി. സതി, എം. ഋഷികേശന്‍, ജോസഫ് പൂഞ്ഞേട്ടില്‍, എന്‍. പത്മജ, ടി.കെ. രവി, കെ. രമേശന്‍, ശവരാമന്‍, എ.സി. ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46952/protest-and-public-meeting-against-the-people-of-kayanna)