---
title: "ചെറുവണ്ണൂരില്‍ യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു "
english_title: "In Cheruvannur, the UDF no-confidence motion failed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46965/in-cheruvannur-the-udf-no-confidence-motion-failed-perambra"
published_at: "2022-06-03T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299f1f585f4f_cheruvannur1.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

## Article Content

**പേരാമ്പ്ര** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും എതിര്‍ത്തും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെ നിലവില്‍ ഭരിക്കുന്ന ഇടതു മുന്നണി തന്നെ ഭരണം തുടരും. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിനഞ്ച് അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. സിപിഐയിലെ ഇ.ടി. രാധ പ്രസിഡന്റാവുകയും ചെയ്തു.

2022 ജനുവരി അദ്യവാരത്തില്‍ പ്രസിഡന്റ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും തുടര്‍ന്ന് വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ ചുമതല വഹിച്ചു വരുകയുമായിരുന്നു. പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സ തുടരുകയും ദീര്‍ഘകാലം അവധിയിലുമായ സാഹചര്യത്തില്‍ പഞ്ചായത്തിലെ കക്ഷിനില പതിനാല് ആവുകയായിരുന്നു.

ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കകത്ത് ഉടലെടുത്ത അസ്വാരസയങ്ങളും ആവള മഠത്തില്‍ മുക്കില്‍ സിപിഎം സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. ഈ അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ 2021-2022 വര്‍ഷത്തെ ഗ്രാമ സഭയും വികസന സെമിനാറും അംഗീകരിച്ച പദ്ധതികള്‍ യഥാസമയം നടപ്പിലാക്കിയില്ല.

ഗ്രാമ പഞ്ചായത്തിലെ കൃഷിക്കാര്‍ക്കുള്ള വളം സബ്സിഡി, സുഫലം പദ്ധതി, തെങ്ങിന്‍ തൈ, തുടങ്ങി കൃഷിഭവന്‍ മുഖേന നടപ്പിലാക്കേണ്ടിയിരുന്ന ഒരു ആനുകൂല്യവും നടപ്പിലാക്കാന്‍ സാധിച്ചില്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ടെന്‍ഡര്‍ കഴിഞ്ഞതായുള്ള ഗ്രാമീണ റോഡുകളൂടെ മസ്റ്ററോള്‍ യഥാസമയം കൊടുക്കാന്‍ സാധിച്ചിട്ടില്ല.

പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതായ ആട്ടിന്‍കൂട്, കാലിതൊഴുത്ത്, കിണര്‍, കമ്പോസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ യഥാസമയം നടപ്പിലാക്കാന്‍ സാധിച്ചില്ല ഈ സാഹചര്യത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനാല്‍ പ്രസിഡണ്ടിന്റെ ഇന്‍ചാര്‍ജും വഹിക്കുന്ന വൈസ് പ്രസിഡണ്ടിന്റെ പേരില്‍ യുഡിഎഫിലെ 7 അംഗങ്ങള്‍ അശ്വാസം രേഖപ്പെടുത്തുന്നതായുള്ള നോട്ടീസ് മെയ് 20 ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുകയായിരുന്നു.

പതിനൊന്നാം വാര്‍ഡ് അംഗം എന്‍.ടി. ഷിജിത്താണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രമേയം ചര്‍ച്ചക്കിടുകയും തുടര്‍ന്ന് വോട്ടെടുപ്പ് നടത്തുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46965/in-cheruvannur-the-udf-no-confidence-motion-failed-perambra)