---
title: "കളിമുറ്റം ജൈത്രയാത്ര തുടരുന്നു...... ഒപ്പം സജീവനും "
english_title: "The kalimuttam nadaka camp continues ...... and is active k p sajeevan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47235/the-kalimuttam-nadaka-camp-continues-and-is-active-k-p-sajeevan"
published_at: "2022-06-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c38ca079bd_vvvv - Copy (3) - Copy.JPG"
keywords: []
---

# കളിമുറ്റം ജൈത്രയാത്ര തുടരുന്നു...... ഒപ്പം സജീവനും 

> **Lead Summary:** ** പേരാമ്പ്ര:** 2000 ജനുവരി ഒന്നിന് നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് ന്റെ അനുഗ്രഹത്തോടെ കോഴിക്കോട് പാവങ്ങാട് തുടക്കം കുറിച്ച നാടക പ്രവര്‍ത്തകന്‍ കെ.പി.സജീവന്റെ കളിമുറ്റം നാടക കേമ്പ് ഇരുപത്തി ഒന്ന് വര്‍ഷം പിന്നിട്ട് ജൈത്രയാത്ര തുടരുന്നു.

## Article Content

** പേരാമ്പ്ര:** 2000 ജനുവരി ഒന്നിന് നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് ന്റെ അനുഗ്രഹത്തോടെ കോഴിക്കോട് പാവങ്ങാട് തുടക്കം കുറിച്ച നാടക പ്രവര്‍ത്തകന്‍ കെ.പി.സജീവന്റെ കളിമുറ്റം നാടക കേമ്പ് ഇരുപത്തി ഒന്ന് വര്‍ഷം പിന്നിട്ട് ജൈത്രയാത്ര തുടരുന്നു.

സ്‌കൂളില്‍ നിന്ന് സ്‌കൂളുകളിലേക്കുള്ള കളി മുറ്റം നാടക കേമ്പ് മുവായിരത്തില്‍പ്പരം സ്‌കൂളുകള്‍ പിന്നിട്ടു. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ഈ നാടക കേമ്പ്.

കളി മുറ്റം വെറുമൊരു നാടക കേമ്പല്ല മറിച്ച് കൊച്ചു കുട്ടികള്‍ മുതല്‍ വലിയ കുട്ടികള്‍ വരെ അവരുടെ സ്വയം പര്യാപ്തതാബോധം, വ്യക്തിപരമായ മുന്‍കൈ ശക്തി എന്നിവ വളര്‍ത്തിയെടുക്കുന്നതിനുള്ള ഏറ്റവും മികച്ച കേമ്പാണ്. മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കാണ് കളി മുറ്റം നാടക കേമ്പ് സംഘടിപ്പിക്കുന്നത്.

പാഠപുസ്തകവുമായി ബന്ധപ്പെട്ട കഥകള്‍, മറ്റു സാമൂഹിക വിഷയങ്ങള്‍ എന്നിവയൊക്കെയാണ് കേമ്പ്ല്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന നാടകത്തിനായ് തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍. നമ്മുടെ നാടിന്റെ മികവുറ്റ ഭാവി വാഗ്ദാനങ്ങളാക്കി പുത്തന്‍ തലമുറകളെ വാര്‍ത്തെടുക്കുന്ന പരിശീലനക്കളരിയാണ് കെ.പി.സജീവന്റെ കളിമുറ്റം നാടക കേമ്പ്.

ക്ലാസ് മുറിയില്‍ വളരെ തണുപ്പന്‍ മട്ടില്‍ കഴിയുന്ന കുട്ടികളെ ഊര്‍ജ്ജസ്വലമാക്കി മാറ്റുന്ന ചില്‍ഡ്രന്‍സ് പ്ലേബസ്റ്റ് പ്രോഗ്രാമാണ് കളി മുറ്റം നാടക കേമ്പ്. കേരളത്തിന് പുറമെ,ദല്ലി, മഹാരാഷ്ട്ര - പൂനെ, ഉത്തര്‍പ്ര ദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കളി മുറ്റം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ബിഎ, ബിഎഡ്, ഡില്‍എഡ് (ടിടിസി ) എന്നിവയ്ക്ക് പഠിക്കുന്നവര്‍ക്കായ് കേമ്പസ് തിയേറ്റര്‍ ഇന്‍ കോളേജ് എന്ന പേരില്‍ നടത്തുന്ന നാടക കേമ്പ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

സിലബസ് പ്രകാരമുള്ള കേളേജ് കേമ്പസ് നൂറില്‍പ്പരം പ്രൊഫഷണല്‍കോളേജ് കളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴും ഈ നാടകയാത്ര തുടരുകയാണ്. കളിമുറ്റം നാടക കേമ്പ് പോലെ തന്നെ കെ.പി സജീവന്റെ ശ്രദ്ധേയമായ മറ്റൊരു നാടക കേമ്പാണ് കളി മുറ്റം നാടകതെറാപ്പി. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് സജീവന്റെ നാടകതെറാപ്പി.

മാനസികമായി വെല്ലു വെളി നേരിടുന്ന കുട്ടികള്‍ക്കിടയില്‍ അവര്‍ ഇഷ്ട്ടപ്പെടുന്ന രീതിയില്‍ സംഭാഷണങ്ങള്‍ പറയിപ്പിച്ചു കൊണ്ട് മാനസികപരമായി അവരെ ഉല്ലാസ ഭരിതമാക്കുന്ന നാടക പ്രക്രിയയാണ് നാടകതെറാപ്പി.

കേരളത്തിന് അകത്തും പുറത്തും ജൈത്രയാത്ര തുടരുന്നു. നാടകം വീടകം എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടില്‍ച്ചെന്ന് നാടകതെറാപ്പി നടത്തുന്നുണ്ട്. ഇന്ത്യയിലുടനീളം മുന്നൂറോളം സ്‌പെഷ്യല്‍ സ്‌കൂളില്‍ നാടകതെറാപ്പി നടത്തിക്കഴിഞ്ഞു.

നാടകതെറാപ്പിയിലൂടെ കുട്ടികളില്‍ വരുന്ന മാറ്റം അത്ഭുതാവഹമാണ്. നാടകയോഗ എന്ന പേരില്‍ മറ്റൊരു നാടകക്കളരിയും നടത്തുന്നു. നാടകസംഭാഷണങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നടത്തുന്ന മാനസിക വ്യതിയാനമാണ് നാടകയോഗ.

പുതിയ ശ്വാസവും പുതിയ ആവേശവും ഏതൊരാളിലും മാറ്റത്തിന്റെ ഭാഗമാക്കി മാറ്റുന്ന നവ വ്യതിയാനത്തിന്റെ പരിണാമഗതിയാണ് കെ.പി സജീവ ന്റെ ആശയത്തില്‍ നിന്നും ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന നാടകയോഗ. ശാരീരികവും മാനസികവുമായ ഒരു ചികിത്സാമാര്‍ഗ്ഗവും കൂടിയാണിത്.

നാടകയോഗയിലേക്ക് നിരവധി പേര്‍ പങ്കാളികളാവുന്നു. പുതിയ മാറ്റത്തിന്റെ നവാനുഭൂതിയാണ് നാടകയോഗ. നാടകം പ്രേക്ഷകരുമായി അടുപ്പിക്കുന്ന വീട്ടുമുറ്റ നാടകങ്ങളും ഏറെ ശ്രദ്ധേയമാണ്. പത്ത് വീട്ടുകാര്‍ ഒരു വീട്ടുമുറ്റത്ത് കേന്ദ്രീകരിച്ച് നടത്തുന്ന നാടക ശില്പശാലയാണ് വീട്ടുമുറ്റ നാടകം പരിപാടി .

2016ല്‍ അവതരിപ്പിച്ചു തുടങ്ങിയ ഒറ്റമുറിയിലെ മനുഷ്യന്‍ - എന്ന ഒറ്റയാള്‍ നാടകവും ഇപ്പോഴും അരങ്ങില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് അവഗണനയുടെ ദുഃഖവെള്ളിയിലേക്ക് എറിയപ്പെട്ട ഒരു സിനിമാക്കാരന്റെ ജീവിതദുരന്തകഥയാണ് ഒറ്റമുറിയിലെ മനുഷ്യന്‍ എന്ന ഒറ്റയാള്‍ നാടകം നമ്മോട് പറയുന്നത്.

ഗിന്നസ്സ് അധികൃതരുടെ അഭിനന്ദനം, ഏഷ്യാ ബുക്‌സ് ഓഫ് റിക്കാര്‍ഡ്, വേള്‍ഡ് ഡ്രാമാബുക്‌സ് ഓഫ് റിക്കാര്‍ഡ്, റോമിലെ സലേഷ്യന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം, അമേരിക്കന്‍ തിയേറ്ററിന്റെ അംഗീകാരം, നൈജീരിയന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം, സംസ്ഥാന സര്‍ക്കാരിന്റെ സ്പഷ്യല്‍ ജൂറി പുരസ്‌ക്കാരം, ദില്ലി ജനസംസ്‌കൃതി അവാര്‍ഡ്, മഹാരാഷ്ട്ര - പൂനെ അവാര്‍ഡ്, അരങ്ങ് നാടകദേശീയ അവാര്‍ഡ്, ആന്‍സ് നാടക അവാര്‍ഡ്,ചില്‍ഡ്രന്‍സ് പ്ലേ തിയേറ്റര്‍ അവാര്‍ഡ്, എന്നീ അന്താരാഷ്ട്ര - ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ് കെ.പി.സജീവന്‍.

മുഴുവന്‍ സമയവും നാടക പ്രവര്‍ത്തകനാണ്. ഭാര്യ ശ്രീജ. മക്കള്‍: അവന്തിക, നിവേദിക. നാടകം ജീവിതമാക്കിയ സജീവന്റെ ഏക വരുമാന മാര്‍ഗ്ഗവും നാടകം തന്നെയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47235/the-kalimuttam-nadaka-camp-continues-and-is-active-k-p-sajeevan)