---
title: "തറമ്മലങ്ങാടി സുബ്രഹ്മണ്യനും കുടുംബത്തിനും യുഡിഎഫ് സ്‌നേഹഭവനം"
english_title: "UDF Sneha Bhavanam for Tharammalangadi Subramanian and his family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47305/udf-sneha-bhavanam-for-tharammalangadi-subramanian-and-his-family"
published_at: "2022-06-05T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c8851c3c06_sneha bhavanam.JPG"
keywords: []
---

# തറമ്മലങ്ങാടി സുബ്രഹ്മണ്യനും കുടുംബത്തിനും യുഡിഎഫ് സ്‌നേഹഭവനം

> **Lead Summary:** ** അരിക്കുളം: **കാരയാട് മേഖലയില്‍ യുഡിഎഫ് നിര്‍മ്മിച്ചു നല്‍കുന്ന ഏഴാമത്തെ സ്‌നേഹ വീടൊരുങ്ങി.

## Article Content

** അരിക്കുളം: **കാരയാട് മേഖലയില്‍ യുഡിഎഫ് നിര്‍മ്മിച്ചു നല്‍കുന്ന ഏഴാമത്തെ സ്‌നേഹ വീടൊരുങ്ങി.

ലൈഫ് ധനസഹായം ലഭിക്കാത്തതിനെത്തുടര്‍ന്ന് അന്തിയുറങ്ങാന്‍ വീടില്ലാതെ ദുരിതത്തിലായ തറമ്മലങ്ങാടി വലിയ പറമ്പില്‍ സുബ്രഹ്മണ്യനും കുടുംബത്തിനുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കൈത്താങ്ങായത്.

വീടിന്റെ താക്കോല്‍ കൈമാറല്‍ കളങ്കൊള്ളിമുക്കില്‍ കെ. മുരളീധരന്‍ എം.പി. നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. എ. ലത്തീഫ് പങ്കെടുത്തു. ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ടാര്‍ പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലാണ് ഈ കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്നത്. മഴ കനത്തതോടെ ഭയത്തോടെയായിരുന്നു നിത്യരോഗികളായ നാലംഗ കുടുംബം കഴിഞ്ഞിരുന്നത്.

മക്കളുടെയും ഭാര്യയുടെയും ചികിത്സച്ചെലവ് താങ്ങാനാവാതെ പ്രയാസത്തിലായ സുബ്രഹ്മണ്യന് സഹായവുമായി പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തോടെ മൂന്ന് മാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഡിസ്‌കിന് തേയ്മാനം സംഭവിക്കുന്ന അസുഖം ബാധിച്ചതോടെ കഠിനമായ ജോലി എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഭാര്യ ചന്ദ്രമതിക്ക് രോഗം പിടിപെട്ട് കൂലിവേലക്ക് പോകാന്‍ കഴിയുന്നില്ല.

മുമ്പ് ജോലിക്കിടെ കൈക്ക് അപകടവും സംഭവിച്ചിരുന്നു. കുറുവങ്ങാട് ഐടിഐ വിദ്യാര്‍ത്ഥിയായ മൂത്ത മകന്‍ വിഷ്ണു ജനനം മുതല്‍ അപസ്മാര രോഗിയാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഇളയ മകന്‍ ജിഷ്ണു രക്തത്തില്‍ ആല്‍ബുമിന്‍ വ്യതിയാനം സംഭവിച്ച് ശരീരത്തില്‍ നീരുവന്ന് കഷ്ടപ്പെടുകയാണ്. ദാരിദ്ര്യം മൂലം ഭവന രഹിതരായ കാരയാട് മേഖലയിലെ ആറ് കുടുംബങ്ങള്‍ക്ക് യുഡിഎഫ് ഇതിനകം 6 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

നാലോളം വീടുകളുടെ അറ്റകുറ്റ പണിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അര്‍ഹരാണെങ്കിലും ധനസഹായം നിഷേധിക്കപ്പെട്ട ദരിദ്ര കുടുംബങ്ങള്‍ക്കാണ് യുഡിഎഫ് സ്‌നേഹഭവനം നിര്‍മ്മിച്ചു നല്‍കുന്നത്. യുഡിഎഫ് നേതാക്കളായ കെ. അഷറഫ്, എന്‍.കെ. അഷറഫ്, ടി. മുത്തുകൃഷ്ണന്‍, അമ്മദ് പൊയിലങ്ങല്‍, സി. മോഹന്‍ദാസ്, സി. രാമദാസ.് അനസ് കാരയാട്, ഇ.കെ. അഹമ്മദ് മൗലവി എന്നിവരാണ് ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രവാസികളായ യൂസഫ് കുറ്റീക്കണ്ടി, അബ്ദുള്‍ സലാം തറമല്‍ എന്നിവര്‍ പിന്തുണയുമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47305/udf-sneha-bhavanam-for-tharammalangadi-subramanian-and-his-family)