---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല: പ്രതിഷേധ സമരവുമായി ബിജെപി "
english_title: "No doctors in Perambra taluk hospital: BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47759/no-doctors-in-perambra-taluk-hospital-bjp"
published_at: "2022-06-07T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f8564c0d00_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല: പ്രതിഷേധ സമരവുമായി ബിജെപി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. ഡോക്ടര്‍മാരില്ലാത്തതിനാല്‍ വൈകുന്നേരം മുതല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം വരിയില്‍ നിന്നാണ് ഡോക്ടറെ കാണിക്കാന്‍ സാധിക്കുന്നത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. ഡോക്ടര്‍മാരില്ലാത്തതിനാല്‍ വൈകുന്നേരം മുതല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം വരിയില്‍ നിന്നാണ് ഡോക്ടറെ കാണിക്കാന്‍ സാധിക്കുന്നത്.

കാഷ്വാലിറ്റിയില്‍ പല ദിവസത്തിലും ഒരു ഡോക്ടറാണ് ഉണ്ടാവാറുള്ളത്. അത്യാഹിതവുമായി വരുന്ന രോഗികളെയും, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗികളെയും പരിശോധിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ പോവുമ്പോള്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യമാണ് രോഗികള്‍ക്കിവിടെ.

പല ദിവസങ്ങളിലും നിരവധി പേര്‍ തലചുറ്റി വീഴാറുണ്ട്. താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും സിഎച്‌സിയുടെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്.

നാഷനല്‍ ഹെല്‍ത്ത് മിഷനും ആശുപത്രി വികസന സമിതിയും നല്‍കുന്ന ഫണ്ടു ഉപയോഗിച്ച് താത്കാലിക ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചാണ് ദൈനം ദിനം ആശുപത്രി മുന്നോട്ട് പോകുന്നത്.

മലയോര മേഖലയിലെ രോഗികള്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്ന സര്‍ക്കാര്‍ ആശുപത്രിയെ നോക്കുത്തിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി നേത്യത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ ബഹുജന പ്രതിഷേധ ജ്വാല സംഘടിച്ചത്.

ബിജെപി കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് കെ.പി. വിജയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി.

പേരാമ്പ്രയിലെ സിപിഎം നേത്യത്വത്തിലുള്ള സഹകരണ ആശുപത്രിയെ സഹായിക്കാന്‍ വേണ്ടി താലൂക്ക് ആശുപത്രിയെ അധികൃതര്‍ നോക്കുകുത്തിയാക്കുകയാണെന്ന് കെ.കെ.രജീഷ് ആരോപിച്ചു.

താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താന്‍ മന്ത്രിയായപ്പോള്‍ പോലും എംഎല്‍എ ടി.പി.രാമക്യഷ്ണ്‍ മുന്‍ കൈ എടുത്തില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മൗനം വെടിയണമെന്നും കെ.കെ രജീഷ് ആവശ്യപ്പെട്ടു.

ആശുപത്രി വികസനത്തിന് സികെജി കോളജ് വിട്ടുനല്‍കിയ രണ്ട് ഏക്കര്‍ ഭൂമി ആശുപത്രിക്കായി രേഖപ്പെടുത്താത്തതിനാല്‍ സികെജി കോളജിന്റെ വികസനത്തെയും ബാധിക്കുകയാണെന്നും കെ.കെ രജീഷ് പറഞ്ഞു.

വെസ്റ്റ് എരിയ പ്രസിഡണ്ട് പ്രസൂണ്‍ കല്ലോട് അദ്ധ്യക്ഷനായി. തറമല്‍ രാഗേഷ്, കെ.എം സുധാകരന്‍, കെ.എം ബാലകൃഷ്ണന്‍, എം.ജി വേണു, ടി.എം ഹരിദാസ്, ജൂബിന്‍ ബാലകൃഷ്ണ്‍, ജനാര്‍ദ്ധനന്‍ വെങ്ങപ്പറ്റ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47759/no-doctors-in-perambra-taluk-hospital-bjp)