---
title: "ബോധവല്‍ക്കരണ നാടകവുമായി വിദ്യാര്‍ത്ഥികള്‍ വീട്ടുമുറ്റങ്ങളിലേക്ക് "
english_title: "Students walk into backyards with awareness play"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47823/students-walk-into-backyards-with-awareness-play"
published_at: "2022-06-08T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0424a2f153_1_nadakam.JPG"
keywords: []
---

# ബോധവല്‍ക്കരണ നാടകവുമായി വിദ്യാര്‍ത്ഥികള്‍ വീട്ടുമുറ്റങ്ങളിലേക്ക് 

> **Lead Summary:** **പേരാമ്പ്ര: **മഹാമാരിയില്‍ അടച്ചുപൂട്ടിയ ഇടങ്ങള്‍ വീണ്ടും തുറന്നു കിട്ടിയപ്പോള്‍ അതിജീവനത്തിന്റെ ആവേശവുമായി ജനസമൂഹത്തിലേക്ക് ബോധവത്കരണ നാടകസങ്കേതവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സംഘം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. കുറ്റ്യാടിയിലെ പൂളത്തറയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ നാടകയാത്രയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **മഹാമാരിയില്‍ അടച്ചുപൂട്ടിയ ഇടങ്ങള്‍ വീണ്ടും തുറന്നു കിട്ടിയപ്പോള്‍ അതിജീവനത്തിന്റെ ആവേശവുമായി ജനസമൂഹത്തിലേക്ക് ബോധവത്കരണ നാടകസങ്കേതവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സംഘം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. കുറ്റ്യാടിയിലെ പൂളത്തറയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ നാടകയാത്രയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോര്‍ഡിനേറ്റര്‍മാരായ എന്‍.പി. പ്രേംരാജ്, കെ.എ. രേഖ എന്നിവരുടെ നേതൃത്വത്തിലാണ് 'വീടകം' ബോധവത്കരണ നാടകയാത്ര ജനങ്ങളിലേക്ക് എത്തുന്നത്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുറ്റ്യാടിയിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വീ വിന്‍ എന്ന കൂട്ടായ്മയിലെ ഇരുപത് പെണ്‍കുട്ടികളാണ് ബോധവത്കരണ നാടകവുമായി വീട്ടുമുറ്റങ്ങള്‍ തേടിയെത്തുന്നത്.

'വീടകം' എന്ന് പേരിട്ടിരിക്കുന്ന ഈ നാടക പര്യടനത്തിലൂടെ സാമൂഹിക മാറ്റങ്ങള്‍ വീടുകളുടെ അകത്തളങ്ങളില്‍ നിന്ന് തന്നെ തുടങ്ങണമെന്ന സന്ദേശമാണ് കുട്ടികള്‍ പകര്‍ന്നു നല്‍കുന്നത്. സമൂഹ ശരീരത്തെ കാര്‍ന്നുതിന്നുന്ന വിവിധ വിപത്തുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥിനികള്‍ സമൂഹമധ്യത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്.

പുതിയ കാലത്തിലെ പല ലഹരികളുടെ ചതിക്കുഴികളെക്കുറിച്ചും അമിത ജങ്ക്ഫുഡ് ഉപഭോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചും സൈബര്‍ അടിമത്തങ്ങളെ കുറിച്ചും ഒക്കെയുള്ള ജാഗ്രതാ മുന്നറിയിപ്പുകളാണ് കുട്ടികള്‍ ഈ നാടകയാത്ര വഴി വീടുകളില്‍ എത്തിക്കുന്നത്. പ്രതിസന്ധികളില്‍ പതറാതെ പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഫോണ്‍ നമ്പറുകളും ലഘുലേഖാ രൂപത്തില്‍ ഈ നാടകം വഴി വിതരണം ചെയ്യുന്നുണ്ട്.

സാമൂഹിക ബോധവത്കരണത്തിനുള്ള പതിവ് രീതിയായ തെരുവിലെ നാടകാവതരണത്തിന് പകരമായാണ് വീട്ടുമുറ്റങ്ങള്‍ അരങ്ങാക്കുന്ന 'വീടകം' എന്ന സര്‍ഗാത്മക പരീക്ഷണം കുട്ടികള്‍ നടത്തുന്നത്. വീടുകളെ തേടിയെത്തുന്ന ബോധവത്കരണ നാടകം എന്ന പുതുമ കൊണ്ട് തന്നെ ഏറെ ജനശ്രദ്ധ നേടുന്നതാണ് കുട്ടികളുടെ ഈ സാമൂഹിക പ്രവര്‍ത്തനം. ഒരു പ്രദേശത്തെ കുടുംബശ്രീ, അയല്‍ക്കൂട്ടം പോലെയുള്ള കൂട്ടായ്മകളുടെ പിന്തുണയോടെ കൂടുതല്‍ പേരിലേക്ക് ഈ ഉദ്യമത്തിന് എത്തിച്ചേരാന്‍ കഴിയും എന്നാണ് ഈ നാടകസംഘം പ്രതീക്ഷിക്കുന്നത്.

കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോട് കൂടിയാണ് വീ വിന്‍ കൂട്ടായ്മ ഈ നൂതന ബോധവല്‍ക്കരണ സങ്കേതം ജനങ്ങളില്‍ എത്തിക്കുന്നത്. അനുപ്രിയ, ഋതിക രാജ്, നീലാംബരി വിനോദ്, സേതുലക്ഷ്മി, ലുലു സഹീര്‍, സ്‌നിഗ്ദ്ധ സുരേഷ്, അര്‍ച്ചന എന്നിവര്‍ പ്രധാന വേഷമിടുന്ന നാടക സംഘത്തില്‍ റിദ, ഇഷ്മ, ദേവിക പ്രമോദ്, ഋതുവര്‍ണ്ണ, ആര്‍ഷ, നക്ഷത്ര സാജന്‍, ദേവ തീര്‍ത്ഥ, കെ.എസ.് ദേവിക, ദേവനന്ദ ചന്ദ്രന്‍, സി.വി. സ്‌നിഗ്ദ്ധ, ആര്‍. നിവേദ്യ എന്നീ വിദ്യാര്‍ത്ഥിനികള്‍ കൂടി പങ്കെടുത്തു. എസ്.എം.സി ചെയര്‍മാന്‍ വി.കെ. റഫീഖ്, എസ്.ആര്‍.ജി. കണ്‍വീനര്‍ കെ.പി. രമേശന്‍, വാര്‍ഡ് അംഗം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. സേതുലക്ഷ്മി, ഇഷ്മ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47823/students-walk-into-backyards-with-awareness-play)