---
title: "വനാതിര്‍ത്തിയിലെ ബഫര്‍സോണ്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക നിയമനിര്‍മാണം നടത്തുവാന്‍ തയ്യാറാകണം, കെ.എ. ആന്റണി "
english_title: "The central government should be prepared to enact special legislation on the buffer zone in the forest, K.A. Anthony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48081/the-central-government-should-be-prepared-to-enact-special-legislation-on-the-buffer-zone-in-the-forest-ka-anthony"
published_at: "2022-06-09T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1ddabb16d6_1kkk.JPG"
keywords: []
---

# വനാതിര്‍ത്തിയിലെ ബഫര്‍സോണ്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക നിയമനിര്‍മാണം നടത്തുവാന്‍ തയ്യാറാകണം, കെ.എ. ആന്റണി 

> **Lead Summary:** **കോഴിക്കോട്:** വനാതിര്‍ത്തിയിലെ ബഫര്‍സോണ്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക നിയമനിര്‍മാണം നടത്തുവാന്‍ തയ്യാറാകണം- കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ആന്റണി.

## Article Content

**കോഴിക്കോട്:** വനാതിര്‍ത്തിയിലെ ബഫര്‍സോണ്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക നിയമനിര്‍മാണം നടത്തുവാന്‍ തയ്യാറാകണം- കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ആന്റണി.

സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശം എന്ന നിലയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീം കോടതിവിധി മറികടക്കുവാന്‍ ശക്തമായ നിയമനിര്‍മ്മാണത്തിന് കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ആന്റണി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്റിന്റെയും എകസിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയുടെയും അധികാര വിഭജനത്തിന്റെ ലംഘനമാണിത്. വന നിയമനിര്‍മ്മാണത്തിനും നടപ്പിലാക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര ഗവണ്‍മെന്റ് ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ്. ഇത് ജനാധിപത്യ ഗവണ്‍മെന്റിന് ഭൂഷണമല്ല. വനനിയമ നിര്‍മ്മാണവും, മേല്‍നോട്ടവും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ആക്കി പരാജയപ്പെട്ട ചരിത്രമാണ് ഈ ഗവണ്‍മെന്റിനുഉള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക അകറ്റുവാനും അവരുടെ സ്വത്തിന് സംരക്ഷണം നല്‍കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, കേരള വനം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48081/the-central-government-should-be-prepared-to-enact-special-legislation-on-the-buffer-zone-in-the-forest-ka-anthony)