---
title: "പേരാമ്പ്ര ബൈപ്പാസില്‍ ഓട അടഞ്ഞു, റോഡിലും കടകളിലും വെള്ളവും ചെളിയും "
english_title: "The canal on the Perambra bypass was closed, causing water and mud on the road and in shops"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48730/the-canal-on-the-perambra-bypass-was-closed-causing-water-and-mud-on-the-road-and-in-shops"
published_at: "2022-06-13T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7523743915_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ ഓട അടഞ്ഞു, റോഡിലും കടകളിലും വെള്ളവും ചെളിയും 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയില്‍ നിര്‍മ്മാണം നടക്കുന്ന ബൈപ്പാസില്‍ ഓട അടഞ്ഞതോടെ ചെമ്പ്ര റോഡില്‍ വെള്ളകെട്ടും കടകളില്‍ വെള്ളവും ചെളിയും. കനത്ത മഴയില്‍ റോഡില്‍ നിന്ന് വെള്ളവും ചെളിയും കയറി വ്യാപാര സ്ഥാപനങ്ങളില്‍ നഷ്ടം സംഭവിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയില്‍ നിര്‍മ്മാണം നടക്കുന്ന ബൈപ്പാസില്‍ ഓട അടഞ്ഞതോടെ ചെമ്പ്ര റോഡില്‍ വെള്ളകെട്ടും കടകളില്‍ വെള്ളവും ചെളിയും. കനത്ത മഴയില്‍ റോഡില്‍ നിന്ന് വെള്ളവും ചെളിയും കയറി വ്യാപാര സ്ഥാപനങ്ങളില്‍ നഷ്ടം സംഭവിച്ചു.

ബൈപ്പാസ് പട്ടണത്തില്‍ ചെമ്പ്ര റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്ത് നിര്‍മ്മിച്ച ഓടയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ അടഞ്ഞത്. ഓട അടഞ്ഞതോടെ ബൈപ്പാസിന്റെ കിഴക്ക് ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളവും ചെളിയും കയറുകയും ചെയ്തു.

ചെമ്പ്ര റോഡ് കടന്ന് പോവുന്ന ഭാഗത്ത് നിര്‍മ്മിച്ച ഓടകളുടെ മുകളില്‍ സ്ലാബ് നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിച്ച കുത്തും പലകളും നീക്കം ചെയ്യാത്തതാണ് ഓട അടയാന്‍ കാരണമായത്. രണ്ട് മാസത്തിന് മുമ്പാണ് ബൈപ്പസിന് ചെമ്പ്ര റോഡിന്റെ ഇരു ഭാഗത്തുമായി ഓട പുതുക്കി പണിയുകയും സ്ലാബിടുകയും ചെയ്ത്.

ഇതിന്റെ കുത്തു കാലുകളും പലകകളും ഇരുമ്പ് റെയിലുകളുമാണ് മാറ്റാതിരുന്നത്. സ്ലാബിന് മുകളില്‍ മണ്ണും ക്വാറി വെയ്സ്റ്റും ഇട്ട് റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോവുന്നുമുണ്ട്. സ്ലാബിനുള്ളിലെ കുത്തുകാലുകളില്‍ ഓടയിലൂടെ ഒഴുകി വന്ന മരക്കമ്പുകളും മറ്റും കുടുങ്ങി വെള്ളം ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു.

ഇതോടെ ഓടയിലും റോഡിലും വെള്ളം തടിക്കുകയും സമീപത്തെ കടകളിലേക്ക് വെള്ളവും ചെളിയും ഒലിച്ചിറങ്ങുകയും ചെയ്തു. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിക്ക് മുന്നിലുള്ള ലൈഫ്കെയര്‍ മെഡിക്കല്‍സ്, ഫ്രെഷ് ഫുഡ് ഹോട്ടല്‍, വികെഎം സ്റ്റോര്‍, സമീപത്തുള്ള ഇന്‍ഡ്രസ്ട്രിയല്‍ എന്നിവിടങ്ങളിലാണ് വെള്ളവും ചെളിയും കയറി സാധനങ്ങള്‍ നശിച്ചത്.

നാട്ടുകാരും വയാപാരികളും പ്രതിേഷധവുമായി രംഗത്തെത്തിയതോടെ ബൈപ്പാസിന്റെ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാര്‍ ന്യായീകരണവുമായി രംഗത്തെത്തി. എന്നാല്‍ എതിര്‍പ്പ് ശക്തമായതോടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സ്ലാബുകള്‍ ഉയര്‍ത്തി ഓടയിലെ കുത്തുകാലുകളും പലകകളും ഇരുമ്പ് റെയിലുകളും നീക്കം ചെയ്തതോടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമായി.

താഴ്ന്ന പ്രദേശത്തു കൂടി ഉയരത്തില്‍ ബൈപ്പാസ് നിര്‍മ്മിച്ചതോടെ ഇവിടെ വീടുകളിലും മറ്റും കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. മഴ ശക്തമാവുന്നതോടെ ഇവിടങ്ങളിലുള്ളവര്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48730/the-canal-on-the-perambra-bypass-was-closed-causing-water-and-mud-on-the-road-and-in-shops)