---
title: "പാലേരിയില്‍ കോണ്‍ഗ്രസ് പ്രകടനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി; 3 പേര്‍ക്ക് പരിക്ക് "
english_title: "DYFI activists storm Congress rally in Paleri; 3 people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48907/dyfi-activists-storm-congress-rally-in-paleri-3-people-were-injured"
published_at: "2022-06-14T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8b444f03c7_youth_congress_attach.JPG"
keywords: []
---

# പാലേരിയില്‍ കോണ്‍ഗ്രസ് പ്രകടനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി; 3 പേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര:** പാലേരിയില്‍ കോണ്‍ഗ്രസ് പ്രകടനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പാലേരിയില്‍ കോണ്‍ഗ്രസ് പ്രകടനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കെ.പി.സി.സി ഓഫീസിനും കന്നാട്ടിയിലെ കോണ്‍ഗ്രസ് ഭവനും നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

ബസ് സ്റ്റോപ്പിനടുത്ത് നിന്നാരംഭിച്ച പ്രകടനം കുറ്റ്യാടി ഭാഗത്തേക്ക് പോയി തിരിച്ചു വരുന്നതിനിടെ ഒറ്റക്കണ്ടം റോഡിന് സമീപത്തെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്‌കാര്‍ പറഞ്ഞു.

അക്രമത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ്, മൂന്നാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് നടുക്കണ്ടി രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറ്റിയില്‍ ബാലന്‍ എന്നിവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഒ.വി. രജീഷ്, കിരണ്‍ ബാബു എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കാലത്ത് 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് ചെര്‍മാന്‍ എ.പി. അബ്ദുറഹ്മാന്‍ കണ്‍വീനര്‍ കെ.കെ. അശോകന്‍ എന്നിവര്‍ അറിയിച്ചു.

ആശുപത്രി, പാല്‍, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ഇവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48907/dyfi-activists-storm-congress-rally-in-paleri-3-people-were-injured)