---
title: "ചെങ്ങോടുമല സമരത്തിന് അന്തിമ വിജയം "
english_title: "The final victory for the Chengodumala agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50229/the-final-victory-for-the-chengodumala-agitation"
published_at: "2022-06-21T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1db43dbb9e_youth_congress_attach.JPG"
keywords: []
---

# ചെങ്ങോടുമല സമരത്തിന് അന്തിമ വിജയം 

> **Lead Summary:** ** കൂട്ടാലിട :** ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിനുള്ള ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് ലിമിറ്റഡിന്റെ അപേക്ഷ സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി ( സിയ) തള്ളി. ഇതോടെ നാലര വര്‍ഷക്കാലമായി ഒരു നാട് ഒറ്റക്കെട്ടായി നടത്തിയ സമരത്തിന്റെ അന്തിമ വിജയമായി.

## Article Content

** കൂട്ടാലിട :** ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിനുള്ള ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് ലിമിറ്റഡിന്റെ അപേക്ഷ സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി ( സിയ) തള്ളി. ഇതോടെ നാലര വര്‍ഷക്കാലമായി ഒരു നാട് ഒറ്റക്കെട്ടായി നടത്തിയ സമരത്തിന്റെ അന്തിമ വിജയമായി.

2021 ജൂലൈ മാസത്തില്‍ സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ ഖനനം പാടില്ലെന്നും അതുകൊണ്ട് അപേക്ഷ തള്ളണമെന്നും സിയക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

ക്വാറി ഉടമയെ കേട്ട ശേഷം ഈ ശുപാര്‍ശ സിയയുടെ 114ാമത്തെ യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോടു മലയില്‍ 100 ഏക്കറിലധികം സ്ഥലമാണ് ക്വാറി കമ്പനി വാങ്ങിയത്.

മഞ്ഞള്‍കൃഷിക്കെന്ന വ്യാജേന ക്വാറിക്ക് അനുമതി സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ നാട്ടുകാര്‍ 2018 ഫെബ്രുവരിയില്‍ ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി സമര മുഖത്തിറങ്ങി.

ജില്ലാ പാരിസ്ഥിതി കാഘാത വിലയിരുത്തല്‍ സമിതി അനധികൃതമായി ഖനനത്തിന് നല്‍കിയ അനുമതി ശക്തമായ ജനകീയ സമരത്തിലൂടേയും നിയമ നടപടികളിലൂടേയും സമരസമിതി മരവിപ്പിച്ചു. പിന്നീട് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി മുമ്പാകെ നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

അതിനിടെ സംസ്ഥാനത്തെ സമിതിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ കമ്പനി കേന്ദ്രത്തെ സമീപിച്ചെങ്കിലും സമരസമിതിയുടെ തടസ ഹരജി പരിഗണിച്ച് കേന്ദ്രം കമ്പനിയുടെ അപേക്ഷ പരിഗണിച്ചില്ല. സമരസമിതിയുടെ കൂടെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കോട്ടൂര്‍ ഗ്രാമ പഞ്ചായത്തും ശക്തമായി നിലകൊണ്ടിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് ശക്തമായ പിന്തുണ നല്‍കി. ഇനി നാടിന് കാവലായി ഒരു ഭീഷണിയും ഇല്ലാതെ ചെങ്ങോടുമല തല ഉയര്‍ത്തിപ്പിടിച്ച് നല്‍ക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50229/the-final-victory-for-the-chengodumala-agitation)