---
title: "ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനം: എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ "
english_title: "DYFI activist harassed: DYFI calls for comprehensive probe into SDPI-League activists"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50647/dyfi-activist-harassed-dyfi-calls-for-comprehensive-probe-into-sdpi-league-activists"
published_at: "2022-06-23T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b49095af112_youth_congress_attach.JPG"
keywords: []
---

# ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനം: എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ 

> **Lead Summary:** ** പേരാമ്പ്ര**: പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ ഭീകരമായി മര്‍ദ്ദിച്ചു പരിക്കേല്പിച്ചതായി ആരോപണം.

## Article Content

** പേരാമ്പ്ര**: പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ ഭീകരമായി മര്‍ദ്ദിച്ചു പരിക്കേല്പിച്ചതായി ആരോപണം.

ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റ വളപ്പില്‍ ജിഷ്ണു ( 24 )നാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു വെന്നാണ് ഇവരുടെ ആരോപണം.

എസ്ഡിപിഐ പോസ്റ്റര്‍ കീറി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചെന്നും ആരോപിക്കുന്നു. മുഖത്തും ദേഹത്തും ഭീകരമായാണ് മര്‍ദ്ദിച്ചതെന്നും ഇവര്‍ പറഞ്ഞു.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന വടിവാള്‍ കൊണ്ട് ഭീക്ഷണിപ്പെടുത്തുകയും, ജിഷ്ണുവിന്റെ കൈയ്യില്‍ വടിവാള്‍ കൊടുത്ത് സിപിഐഎം നേതാക്കള്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറയാന്‍ ഭീഷണിപ്പെടുത്തുകയും ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായും ഡിവൈഎഫ്‌ഐ ആരോപിച്ചു.

ജിഷ്ണുവിനെ മര്‍ദ്ദിച്ച എസ്ഡി പിഐ - ലീഗ് പ്രവര്‍ത്തകര്‍ക്കതിരെ പോലീസ് കേസെടുത്ത് സമഗ്രമായ അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

ജിഷ്ണു വിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് , ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, ഡിവൈഎഫ്‌ഐജില്ലാ ജോയിന്‍ സെക്രട്ടറി ടി.അതുല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50647/dyfi-activist-harassed-dyfi-calls-for-comprehensive-probe-into-sdpi-league-activists)