---
title: "പേരാമ്പ്രയില്‍ പൊതു അടുക്കള വരുന്നു "
english_title: "Coming to the public kitchen in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52162/coming-to-the-public-kitchen-in-perambra"
published_at: "2022-06-30T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdc006b84b4_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്രയില്‍ പൊതു അടുക്കള വരുന്നു 

> **Lead Summary:** **പേരാമ്പ്ര:** ഭക്ഷണം പാചകം ചെയ്യാന്‍ സമയമില്ലാത്തവര്‍ ടെന്‍ഷനടിക്കേണ്ട. പേരാമ്പ്രയില്‍ ഇനി ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കാന്‍ പൊതു അടുക്കള വരുന്നു. ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് ആരംഭിക്കുന്ന പൊതു അടുക്കള അന്ന മിത്ര ജൂലൈ പകുതിയോടെ നാടിനു സമര്‍പ്പിക്കും.

## Article Content

**പേരാമ്പ്ര:** ഭക്ഷണം പാചകം ചെയ്യാന്‍ സമയമില്ലാത്തവര്‍ ടെന്‍ഷനടിക്കേണ്ട. പേരാമ്പ്രയില്‍ ഇനി ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കാന്‍ പൊതു അടുക്കള വരുന്നു. ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് ആരംഭിക്കുന്ന പൊതു അടുക്കള അന്ന മിത്ര ജൂലൈ പകുതിയോടെ നാടിനു സമര്‍പ്പിക്കും.

പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം എന്നിങ്ങനെ ഏതു നേരത്തെ ഭക്ഷണമാണ് വേണ്ടതെന്നു അറിയിച്ചാല്‍ അതു വീടുകളിലെത്തിക്കും. ഇതിനു പുറമേ പൊതു അടക്കളയില്‍ നിന്ന് നേരിട്ടും ലഭിക്കും.

5 മുതല്‍ 10 പേരടങ്ങുന്ന 2 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. രാവിലെ ജോലിക്കു പോകേണ്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. തുണിക്കടകള്‍, ആശുപത്രികള്‍ എന്നിങ്ങനെ ആവശ്യമുള്ളവര്‍ക്കെല്ലാം ഭക്ഷണം ലഭിക്കും.

പ്രതിദിനം 1,000 മുതല്‍ 1,500 പേര്‍ക്ക് ഭക്ഷണം തയാറാക്കാനാകും. പദ്ധതിയിലൂടെ പ്രതിദിനം നാല്‍പതോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് അടുക്കള തയാറാക്കിയത്.

10 ദിവസത്തിനകം പൊതു അടുക്കള തയ്യാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. പേരാമ്പ്ര കൂടാതെ നരിപ്പറ്റയിലുമാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. നരിപ്പറ്റയിലെ പ്രവൃത്തി പൂര്‍ത്തിയായി. പേരാമ്പ്രയിലേത് പൂര്‍ത്തിയായി രണ്ടും ഒന്നിച്ച് ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52162/coming-to-the-public-kitchen-in-perambra)