---
title: "വട്ടക്കയം ഭാഗത്ത് നാശം വിതച്ച് കാട്ടാന ശല്യം തുടരുന്നു "
english_title: "Wildfire continues to wreak havoc in Vattakkayam area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52847/wildfire-continues-to-wreak-havoc-in-vattakkayam-area"
published_at: "2022-07-04T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2946334035_anashalliyam.jpg"
keywords: []
---

# വട്ടക്കയം ഭാഗത്ത് നാശം വിതച്ച് കാട്ടാന ശല്യം തുടരുന്നു 

> **Lead Summary:** **ചക്കിട്ടപ്പാറ: **പെരുവണ്ണാമൂഴി എളംകാട്- വട്ടക്കയം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രി പാഴുകുന്നേല്‍ ജോസ്, റോയി കുംബ്ലാനി, ഷാജു പുതിയിടത്ത്, വളയത്ത് ബിനു എന്നിവരുടെ കൃഷിയിടത്തില്‍ കാട്ടാനകള്‍ കൂട്ടമായിറങ്ങി വാഴ കൃഷി, കവുങ്ങ് എന്നിവ പൂര്‍ണ്ണമായി നശിപ്പിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **പെരുവണ്ണാമൂഴി എളംകാട്- വട്ടക്കയം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രി പാഴുകുന്നേല്‍ ജോസ്, റോയി കുംബ്ലാനി, ഷാജു പുതിയിടത്ത്, വളയത്ത് ബിനു എന്നിവരുടെ കൃഷിയിടത്തില്‍ കാട്ടാനകള്‍ കൂട്ടമായിറങ്ങി വാഴ കൃഷി, കവുങ്ങ് എന്നിവ പൂര്‍ണ്ണമായി നശിപ്പിച്ചു.

കഴിഞ്ഞ രണ്ടു ദിവസം മുമ്പ് ചെമ്പനോട പ്രദേശത്ത് കാട്ടാന വിളവ് നശിപ്പിച്ചിരുന്നു. പാലറ ലില്ലി, സഹോദരി പാലാപ്പറമ്പ് ലൂസി എന്നിവരുടെ പുരയിടത്തിലെ വാഴ, പ്ലാവ്, കവുങ്ങ് തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.

വെള്ളമെടുക്കുന്ന ടാപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരന്തരമായി ഇവര്‍ക്ക് കാട്ടുമൃഗങ്ങളുടെ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

മുമ്പ് വളര്‍ത്തുമൃഗങ്ങളെയും കാട്ടുമൃഗങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. സോളാര്‍ ഫെന്‍സിംഗ് പ്രവര്‍ത്തനക്ഷമമല്ലാത്തത് ആന വരാന്‍ പ്രധാന കാരണമാണെന്നും എത്രയും പെട്ടെന്ന് സോളാര്‍ ഫെന്‍സിംഗും അതുപോലെ ആനയെ തുരത്തി ഓടിക്കാന്‍ മറ്റ് സംവിധാനങ്ങളും വനം വകുപ്പ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൃഷി നാശം ഉണ്ടായ മേഖല വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് സന്ദര്‍ശിച്ചു. ഈ പ്രദേശങ്ങളില്‍ വഴി വിളക്ക് സ്ഥാപിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും വാര്‍ഡ് അംഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52847/wildfire-continues-to-wreak-havoc-in-vattakkayam-area)