---
title: "പുതുലഹരിയിലേക്ക്' ദീപശിഖാ പ്രയാണത്തിന് മേപ്പയ്യൂരില്‍ ഉജ്വലസ്വീകരണം"
english_title: "To Pudulahari' Deepa Shikha Prayanam gets warm welcome in Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52973/to-pudulahari-deepa-shikha-prayanam-gets-warm-welcome-in-mepayyur"
published_at: "2022-07-04T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c30c1e55c42_0000_ATTACH__copy_copy.jpg"
keywords: []
---

# പുതുലഹരിയിലേക്ക്' ദീപശിഖാ പ്രയാണത്തിന് മേപ്പയ്യൂരില്‍ ഉജ്വലസ്വീകരണം

> **Lead Summary:** ** മേപ്പയ്യൂര്‍: **ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ദീപശിഖാ പ്രയാണത്തിന് മേപ്പയ്യൂരില്‍ ഉജ്വല സ്വീകരണം നല്‍കി. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് നടന്ന സ്വീകരണ പരിപാടിയില്‍ ജില്ലാ കലക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്‍. നിജീഷില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ദീപശിഖ ഏറ്റുവാങ്ങി.

## Article Content

** മേപ്പയ്യൂര്‍: **ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ദീപശിഖാ പ്രയാണത്തിന് മേപ്പയ്യൂരില്‍ ഉജ്വല സ്വീകരണം നല്‍കി. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് നടന്ന സ്വീകരണ പരിപാടിയില്‍ ജില്ലാ കലക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്‍. നിജീഷില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ദീപശിഖ ഏറ്റുവാങ്ങി.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്തിക്കായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രസിഡന്റ് കെ.ടി. രാജന്‍ പറഞ്ഞു. വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിമുക്തി ക്ലാസുകളും വാര്‍ഡ്തല വിമുക്തി കമ്മിറ്റി രൂപീകരണവും നടക്കുന്നുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന് കൂടുതല്‍ ഊര്‍ജമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വര്‍ധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രതിരോധ - ബോധവത്കരണ പരിപാടിയാണ് 'പുതുലഹരിയിലേക്ക്' എന്ന പേരില്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നത്.

ജീവിതത്തില്‍ സന്തോഷം നല്‍കുന്ന ആരോഗ്യകരമായ ശീലങ്ങളെയോ പ്രവര്‍ത്തനങ്ങളെയോ ആണ് 'പുതുലഹരി' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയിലെ നാല് താലൂക്കുകളിലായി നൂറിലധികം കേന്ദ്രങ്ങളിലൂടെയാണ് 'പുതുലഹരിയിലേക്ക്' പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനം ദീപശിഖയേന്തി പ്രയാണം നടത്തുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നശാ മുക്ത് ഭാരത് അഭിയാന്‍, എക്‌സൈസ്, സാമൂഹ്യ നീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രചരണ പരിപാടിയോടനുബന്ധിച്ച് ആളുകളിലെ പുതുലഹരി കണ്ടെത്തുന്നതിനായി 'പുതുലഹരിക്ക് ഒരു വോട്ട്' എന്ന പേരില്‍ വൊട്ടെടുപ്പും നടത്തി. മേപ്പയ്യൂരില്‍ പ്രായഭേദമന്യേ നിരവധി പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ലഹരിവരുദ്ധ പ്രതിജ്ഞയും ജനങ്ങള്‍ ഏറ്റുചൊല്ലി. പരിപാടിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52973/to-pudulahari-deepa-shikha-prayanam-gets-warm-welcome-in-mepayyur)