---
title: "കാട്ടാന ശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം മുതുകാട് മേഖലാ കമ്മറ്റി "
english_title: "Farmers' group Muthukad Regional Committee wants to take immediate action to prevent forest encroachment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52979/farmers-group-muthukad-regional-committee-wants-to-take-immediate-action-to-prevent-forest-encroachment"
published_at: "2022-07-04T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c319378ad2c_0000_ATTACH__copy_copy.jpg"
keywords: []
---

# കാട്ടാന ശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം മുതുകാട് മേഖലാ കമ്മറ്റി 

> **Lead Summary:** **പെരുവണ്ണാമൂഴി:** കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന മേഖലകളില്‍ പ്രവര്‍ത്തനരഹിതമായ സോളാര്‍ വേലികള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം മുതുകാട് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**പെരുവണ്ണാമൂഴി:** കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന മേഖലകളില്‍ പ്രവര്‍ത്തനരഹിതമായ സോളാര്‍ വേലികള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം മുതുകാട് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

ചെങ്കോട്ടക്കൊല്ലി രണ്ടാം ബ്ലോക്ക്, സീതപ്പാറ നാലാം ബ്ലോക്ക്, ഒന്നാം ബ്ലോക്കിന്റെ കുടിയേറ്റ മേഖല, പന്നിക്കോട്ടൂര്‍, ആലമ്പാറ, പൂഴിത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൃഷികളെ സംരക്ഷിക്കുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള സോളാര്‍ വേലികള്‍ പല സ്ഥലത്തും പ്രവര്‍ത്തനരഹിതമായിക്കിടക്കുകയാണ്.

എല്ലാ സ്ഥലങ്ങളിലും വനാതിര്‍ത്തികളില്‍ ആവശ്യമായ വാച്ചര്‍ മാരെ വെക്കണമെന്നും അവര്‍ക്കാവശ്യമായ ഉപകരങ്ങള്‍ കൊടുക്കണമെന്നും കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ ഓരോ പ്രദേശത്തിന്റെ സാധ്യത അനുസരിച്ച് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം കിട്ടാന്‍ ആവശ്യമായ നടപടികള്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കണമെന്നും കര്‍ഷക സംഘം ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തിക്കൊണ്ട് വമ്പിച്ച പ്രക്ഷോഭത്തിന് കര്‍ഷകസംഘം നേതൃത്വം നല്‍കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52979/farmers-group-muthukad-regional-committee-wants-to-take-immediate-action-to-prevent-forest-encroachment)