---
title: "ചെമ്പന്‍ചെല്ലിയുടെ ആക്രമണം, മുന്‍കരുതലെടുക്കാം "
english_title: "Chempanchelli's attack, can be preempted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53071/chempanchellis-attack-can-be-preempted"
published_at: "2022-07-05T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3deae55e58_chembhan.jpg"
keywords: []
---

# ചെമ്പന്‍ചെല്ലിയുടെ ആക്രമണം, മുന്‍കരുതലെടുക്കാം 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചെമ്പന്‍ചെല്ലിയുടെ ആക്രമണം വ്യാപകമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവയെ നശിപ്പിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചെമ്പന്‍ചെല്ലിയുടെ ആക്രമണം വ്യാപകമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവയെ നശിപ്പിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

അതിനായി 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് തുല്യ അളവില്‍ മണലും ചേര്‍ത്ത് നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലയിടുക്കുകളില്‍ ഇട്ടു കൊടുക്കുക. ഏപ്രില്‍-മെയ് മാസങ്ങളിലും അതു കഴിഞ്ഞ് സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും രണ്ടു തവണയാണ് ഇതു ചെയ്യേണ്ടത്.

12 ഗ്രാം വീതമുള്ള പാറ്റാഗുളിക ഒരു തെങ്ങിന് 4 എണ്ണം എന്ന കണക്കിന് കൂമ്പിലകള്‍ക്ക് ചുറ്റും വെച്ച് മണലു കൊണ്ട് മൂടുക. ഇത് 45 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കണം. കൃത്യമായ ഇടവേളകളില്‍ മണ്ട വൃത്തിയാക്കുക, തോട്ടം വൃത്തിയായി സൂക്ഷിക്കുക, ജീര്‍ണ്ണിച്ച അവശിഷ്ടങ്ങളും ചെല്ലി ബാധയേറ്റ തെങ്ങുകളും മറ്റും കത്തിച്ചു കളയുക, തെങ്ങിന്‍ തടിയില്‍ മുറിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, കൂമ്പുചീയല്‍ രോഗം രൂക്ഷമായുള്ള സ്ഥലങ്ങളില്‍ ഒരു പ്രതിരോധ നടപടി എന്ന നിലയില്‍ മഴക്കാലാരംഭത്തോടു കൂടി ട്രൈകോ ഡര്‍മ്മ കേക്കുകള്‍ ഒരു തെങ്ങിന് 4 എണ്ണം വീതം കുരുത്തോലയ്ക്കിരുവശത്തും വച്ചു കൊടുക്കുക, 45 ദിവസത്തിനു ശേഷം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുക എന്നീ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

ചെമ്പന്‍ ചെല്ലി ആക്രമിച്ച തെങ്ങിന് കീടനാശിനി പ്രയോഗം മിക്കവാറും അനിവാര്യമായ ഒന്നാണ്. തെങ്ങിന്‍ തടിയിലാണ് ആക്രമണമെങ്കില്‍ താഴെയുള്ള ദ്വാരങ്ങളെല്ലാം അടച്ച ശേഷം ഏറ്റവും മുകളിലുള്ള ദ്വാരത്തിലൂടെ സ്‌പൈനോസാഡ് 2.5 എസ് സി എന്ന കീടനാശിനി 4 മി.ല്ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഒരു ചോര്‍പ്പും ചെറിയ റബ്ബര്‍ട്യൂബും ഉപയോഗിച്ച് തടിക്കുള്ളിലേക്ക് ഒഴിച്ചു കൊടുക്കുക.

കീടനാശിനി ഇറങ്ങിക്കഴിഞ്ഞ് ചോര്‍പ്പ് മാറ്റി ദ്വാരം അടയ്ക്കണം. മണ്ടയില്‍ കൂടിയാണ് ആക്രമണമെങ്കില്‍ മണ്ട വൃത്തിയാക്കി ഇതേ കീടനാശിനി തെങ്ങിനുളളിലേക്ക് മണ്ടയില്‍ കൂടി സാവധാനം ഒഴിച്ചു കൊടുക്കുക.

ചെമ്പന്‍ചെല്ലിയുടെ ആക്രമണലക്ഷണങ്ങള്‍: തെങ്ങിന്‍ തടിയിലോ കണ്ണാടി ഭാഗത്തോ മണ്ടയിലോ ചെമ്പന്‍ ചെല്ലി തുരന്ന ദ്വാരങ്ങള്‍ കാണുക, അതിലൂടെ ചുവന്ന നിറത്തിലുള്ള കറ ഒലിച്ചിറങ്ങുക, ചെല്ലി ചവച്ചു തള്ളിയനാരുകളും, പുഴുക്കളും, സമാധിദശയും തടിക്കുള്ളില്‍ കാണുക, ചിലയവസരങ്ങളില്‍ കുരുത്തോലയില്‍ നേരിയ വാട്ടം കാണുക എന്നിവയാണ് ചെമ്പന്‍ ചെല്ലിയുടെ പ്രധാന ആക്രമണ ലക്ഷണങ്ങള്‍.

ബാലുശ്ശേരി, ചെമ്പനോട എന്നീ പ്രദേശങ്ങളില്‍ ഇവയുടെ ആക്രമണം മൂലം തെങ്ങ് പാടെ മറിഞ്ഞു വീഴുകയാണുണ്ടായത്. എന്നാല്‍ തെങ്ങിന് പ്രത്യക്ഷത്തില്‍ മറ്റു ലക്ഷണങ്ങളൊന്നും കാണാനില്ല. അതു കൊണ്ടു തന്നെ ഇവയുടെ ആക്രമണം തുടക്കത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. നെടിയന്‍ തെങ്ങിനങ്ങളെ അപേക്ഷിച്ച് കുള്ളന്‍ ഇനങ്ങള്‍ക്കും, 20 വര്‍ഷത്തിനു താഴെ പ്രായമായ നെടിയന്‍ ഇനങ്ങള്‍ക്കും ഇവയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

റിങ്കോഫോറസ് ഫെറുജിനിയസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ചെമ്പന്‍ ചെല്ലിയുടെ ആക്രമണം തെങ്ങിന്റെ തടിയിലും മണ്ടയിലും കണ്ണാടി ഭാഗത്തുമാണ് ഉണ്ടാകുന്നത്. ഇവയുടെ ആക്രമണം തടിക്കുള്ളിലായതുകൊണ്ട് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാറില്ല. കൂമ്പുചീയല്‍, ഓലചീയല്‍, എന്നീ രോഗങ്ങളുള്ള തെങ്ങുകളും കൊമ്പന്‍ചെല്ലിയുടെ ആക്രമണമുണ്ടായ തെങ്ങുകളും ചെമ്പന്‍ചെല്ലിയുടെ ആക്രമണത്തിന് പെട്ടെന്ന് വിധേയമാവുന്നു.

തെങ്ങില്‍ ഉണ്ടാകുന്ന മുറിവില്‍ നിന്നും വരുന്ന മണമാണ് വണ്ടുകളെ ആകര്‍ഷിക്കുന്നത്. തെങ്ങിന്‍ തടിക്കുള്ളില്‍ വെളുത്ത പുഴുക്കള്‍ തടി തുരന്നു ഉള്‍ക്കാമ്പ് കാര്‍ന്നുതിന്നുകയും അവിടെത്തന്നെ നാരുകളാല്‍ നിര്‍മ്മിച്ചിട്ടുള്ള കൂടുകളില്‍ സമാധിദശ കഴിച്ചു കൂട്ടുയും ചെയ്യുന്നു. ഏകദേശം 22-25 ദിവസങ്ങള്‍ക്കു ശേഷം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വണ്ടുകളായി പുറത്തു വരുന്നു.

തോട്ടത്തില്‍ പകല്‍ സമയത്തു പറക്കുന്ന ചുവന്നചെല്ലിയെ കണ്ടാല്‍ സമീപത്തു ഏതെങ്കിലും തെങ്ങില്‍ ആക്രമണ സാധ്യത ഉണ്ടെന്ന് ഉറപ്പിക്കാം. ഇവയെ നശിപ്പിക്കാനുള്ള മുന്‍കരുതല്‍ ഉടന്‍ എടുക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53071/chempanchellis-attack-can-be-preempted)