---
title: "കാരയാട് കക്കുടുമ്പില്‍ സി.കെ. മൊയ്തിയുടെ മുറ്റം ഇടിഞ്ഞു വീട് അപകടാവസ്ഥയില്‍ "
english_title: "Karayadu Kakutumpil CK Moithi's yard collapsed and the house was in danger"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53132/karayadu-kakutumpil-ck-moithis-yard-collapsed-and-the-house-was-in-danger"
published_at: "2022-07-05T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c4153a1a1be_kayyalat.jpg"
keywords: []
---

# കാരയാട് കക്കുടുമ്പില്‍ സി.കെ. മൊയ്തിയുടെ മുറ്റം ഇടിഞ്ഞു വീട് അപകടാവസ്ഥയില്‍ 

> **Lead Summary:** ** മേപ്പയ്യൂര്‍: **അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് പതിമൂന്നാം വാര്‍ഡ് ചവറങ്ങാട് കുന്നിന്റെ പടിഞ്ഞാറു ഭാഗത്ത് സി.കെ. മൊയ്തിയുടെ കക്കുടുമ്പില്‍ വീടിന്റെ മുന്‍ഭാഗം വീടോട് ചേര്‍ന്നുള്ള കല്ലു കയ്യാല തകര്‍ന്നു. ഏകദേശം 70 വര്‍ഷം മുന്നെ നിര്‍മ്മിച്ച കല്ലു കയ്യാലയാണ് തകര്‍ന്നു വീണത്. 

## Article Content

** മേപ്പയ്യൂര്‍: **അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് പതിമൂന്നാം വാര്‍ഡ് ചവറങ്ങാട് കുന്നിന്റെ പടിഞ്ഞാറു ഭാഗത്ത് സി.കെ. മൊയ്തിയുടെ കക്കുടുമ്പില്‍ വീടിന്റെ മുന്‍ഭാഗം വീടോട് ചേര്‍ന്നുള്ള കല്ലു കയ്യാല തകര്‍ന്നു. ഏകദേശം 70 വര്‍ഷം മുന്നെ നിര്‍മ്മിച്ച കല്ലു കയ്യാലയാണ് തകര്‍ന്നു വീണത്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കാരണം വെളളം ഊര്‍ന്നിറങ്ങിയിരുന്നു. മുകള്‍ഭാഗത്ത് വെള്ളം കെട്ടിനിന്ന് ഉറവ രൂപപ്പെട്ടതിനാലാണ് മുറ്റത്തിന്റെ കയ്യാല ഇടിഞ്ഞു നീങ്ങിയതെന്ന് സംശയിക്കുന്നു. എതാണ്ട് 33 വര്‍ഷത്തിന് മുകളിലായി സി.കെ. മൊയ്തി കക്കുടുമ്പില്‍ വീട് വെച്ച് താമസിക്കുന്നു.

കയ്യാല തകര്‍ന്നതു കാരണം വീട്ടില്‍ താമസത്തിന് ഭീഷണി നേരിട്ടിരിക്കയാണ്. ഇളയ മകന്റെ വീട്ടിലേക്കാണ് മൊയ്തിയും ഭാര്യയും മുത്തമകന്‍ ജലീലും അവന്റെ കുടുംബവും താമസം മാറിയിരിക്കുന്നത്.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍, വാര്‍ഡ് അംഗങ്ങളായ നിജീഷ് കുമാര്‍, ശാന്ത, ചാവട്ട് മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത്, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍, അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി തുടങ്ങിയ സാമൂഹിക രാഷ്ടീയ രംഗത്തെ പ്രമുഖര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അരിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും, അരിക്കുളം വില്ലേജ് ഓഫീസര്‍ക്കും ഇതു സംബന്ധമായ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

അവരുടെ സന്ദര്‍ശനത്തിനു ശേഷം ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ളവരുടെ വിദഗ്ദ സഹായം തേടി കല്ലുകയ്യാല തകര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് സി.കെ. മൊയ്തി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53132/karayadu-kakutumpil-ck-moithis-yard-collapsed-and-the-house-was-in-danger)