---
title: "ഇവാന്റെ ചികിത്സക്ക് സ്വര്‍ണ്ണ കമ്മല്‍ ഊരി നല്‍കി മൂന്നാം ക്ലാസുകാരി "
english_title: "third standerd student give her  earrings for treatment of Evan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53794/third-standerd-student-give-her-earrings-for-treatment-of-evan"
published_at: "2022-07-08T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c853b7016e9_0000_ATTACH__copy_copy.jpg"
keywords: []
---

# ഇവാന്റെ ചികിത്സക്ക് സ്വര്‍ണ്ണ കമ്മല്‍ ഊരി നല്‍കി മൂന്നാം ക്ലാസുകാരി 

> **Lead Summary:** **പേരാമ്പ്ര: **എസ്.എം.എ രോഗം ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്കായി സ്വര്‍ണ്ണകമ്മല്‍ ഊരി നല്‍കി മുളിയങ്ങല്‍ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ മനോജ് മാതൃകയായി.

## Article Content

**പേരാമ്പ്ര: **എസ്.എം.എ രോഗം ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്കായി സ്വര്‍ണ്ണകമ്മല്‍ ഊരി നല്‍കി മുളിയങ്ങല്‍ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ മനോജ് മാതൃകയായി.

ചികിത്സാ കമ്മറ്റി ചെയര്‍മാനും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഉണ്ണി വേങ്ങേരിയെയാണ് ക്ലാസ് അധ്യാപകന്‍ ശശി മാസ്റ്ററുടെയും മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തില്‍ ആരാധ്യ, അണിഞ്ഞിരുന്ന ഏക ആഭരണമായ സ്വര്‍ണ്ണ കമ്മല്‍ ഏല്‍പിച്ചത്. തുടര്‍ന്ന് ഈ കൊച്ചു മിടുക്കിയെ അനുമോദിച്ചു കൊണ്ട് ഉണ്ണിവേങ്ങേരി പൊന്നാടയണിയിച്ചു.

ഇവാന്റെ ചികിത്സക്ക് 18 കോടി രൂപയാണ് വേണ്ടത്. ഇതിന് വേണ്ടി ചികിത്സാ കമ്മിറ്റി രൂപീകരിച്ച് ജില്ലക്ക് അകത്തും പുറത്തും നാനാ വഴികളിലൂടെ ധനസമാഹരണം നടത്തി വരികയാണ്.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ കുരുന്നു ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി അകമഴിഞ്ഞ് സഹായങ്ങള്‍ ചെയ്ത് വരുന്നതിനിടയിലാണ് 8 വയസുകാരിയായ ആരാധ്യ മനോജ് ആരുടെയും പ്രേരണയില്ലാതെ തന്റെ സ്വര്‍ണ്ണാഭരണം നല്‍കാന്‍ തീരുമാനമെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53794/third-standerd-student-give-her-earrings-for-treatment-of-evan)