---
title: "ബഫര്‍സോണില്‍ ഐക്യഖണ്ഡേന പ്രമേയം കണ്ണില്‍ പൊടിയിടല്‍ മാത്രം: വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ "
english_title: "Aikaykhandena resolution in buffer zone is nothing but dust in the eyes: V.Farm Farmers Foundation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53988/aikaykhandena-resolution-in-buffer-zone-is-nothing-but-dust-in-the-eyes-vfarm-farmers-foundation"
published_at: "2022-07-09T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c9934c43521_0000_ATTACH__copy_copy.jpg"
keywords: []
---

# ബഫര്‍സോണില്‍ ഐക്യഖണ്ഡേന പ്രമേയം കണ്ണില്‍ പൊടിയിടല്‍ മാത്രം: വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ 

> **Lead Summary:** **ചക്കിട്ടപാറ: **വന്യജീവി സങ്കേതങ്ങള്‍ ദേശീയോദ്യാനയങ്ങള്‍ എന്നിവക്ക് ചുറ്റും ഒരു കി.മീറ്റര്‍ ദൂരം ബഫര്‍സോണ്‍ നിര്‍ബന്ധിതമാണെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. കേരളത്തിലെ ഭൂരിഭാഗം വന്യജീവി സങ്കേതങ്ങള്‍ക്കും കൃത്യമായ അതിരുകളൊ, സെകെച്ചോ , പ്ലാനോ ഇല്ലാത്തതാണെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്തമാണ്.

## Article Content

**ചക്കിട്ടപാറ: **വന്യജീവി സങ്കേതങ്ങള്‍ ദേശീയോദ്യാനയങ്ങള്‍ എന്നിവക്ക് ചുറ്റും ഒരു കി.മീറ്റര്‍ ദൂരം ബഫര്‍സോണ്‍ നിര്‍ബന്ധിതമാണെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. കേരളത്തിലെ ഭൂരിഭാഗം വന്യജീവി സങ്കേതങ്ങള്‍ക്കും കൃത്യമായ അതിരുകളൊ, സെകെച്ചോ , പ്ലാനോ ഇല്ലാത്തതാണെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്തമാണ്.

അതുകൊണ്ട് തന്നെ വന്യജീവി സങ്കേതങ്ങളുടെ കൃത്യമായ സര്‍വ്വെ നടപടികള്‍ ആരംഭിച്ച് വന്യജീവി സങ്കേതങ്ങള്‍ വനത്തിനകത്ത് നിജപ്പെടുത്താന്‍ ശ്രമിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ് .

ഇങ്ങനെ ചെയ്യുന്ന പക്ഷം ജനവാസ മേഖലകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും ബഫര്‍സോണ്‍ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ സാധ്യമാവുന്നതും വന്യജീവികള്‍ക്ക് സുരക്ഷിത ഇടം ഒരുക്കാന്‍ കഴിയുന്നതുമാണ്.

പക്ഷെ ഇതിനൊന്നും ശ്രമിക്കാതെ ഐക്യഖണ്ഡേന പ്രമേയം പാസാക്കി ഭരണ പ്രതിക്ഷ കക്ഷികളും നിയമസഭ സാമാജികരും മലയോര ജനതയുടെ കണ്ണില്‍ പൊടിയിടാനും കബളിപ്പിക്കാനും ശ്രമിക്കുകയാണെന്ന് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ ആരോപിച്ചു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കി.മീറ്റര്‍ ദൂരം പരിസ്ഥിതി സംവേദക മേഖലയായി (Eco Sensitive Zone) പ്രഖ്യാപിച്ച് കൊണ്ട് 2022 ജൂണ്‍ മാസം 3 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. സുപ്രീം കോടതി വിധി ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

വിധിക്കെതിരെ കേന്ദ്ര - കേരള സര്‍ക്കാറുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇതിനകം തന്നെ നിരവധിയായ സമരങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുള്ളതും ഇപ്പോഴും നടന്ന് വരികയുമാണ്.

Eco Sensitive Zone (ബഫര്‍സോണ്‍) നിയമമായതോടെ വരും നാളുകളില്‍ കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങും എന്നതില്‍ സംശയമില്ല. സുപ്രീം കോടതി വിധി വന്നതിന് ശേഷം വിധിക്കെതിരെ ഭരണ - പ്രതിപക്ഷ കക്ഷികള്‍ മലയോര ഹര്‍ത്താലെന്ന ആഭാസ സമരങ്ങള്‍ നടത്തിയതിന് ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നിയമസഭയില്‍ ബഫര്‍സോണിനെതിരെ ഐക്യഖണ്ഡേന പ്രമേയം പാസാക്കിയിരിക്കയാണ്.

കേരത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കി.മീറ്റര്‍ ദൂരം വരെ ബഫര്‍സോണ്‍ ആക്കണമെന്ന 2019 ഒക്ടോബര്‍ മാസം 23 ലെ മന്ത്രിസഭാ തീരുമാനം തിരുത്താന്‍ തയ്യാറാവാതെയാണ് ഇപ്പോള്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.

മന്ത്രിസഭാ തീരുമാനം മാറ്റംവരുത്തിയതിന് ശേഷം ഐക്യഖണ്ഡേ നയുള്ള പ്രമേയം പാസാക്കിയാല്‍ മതിയെന്ന് പറയാന്‍ ആര്‍ജ്ജവമില്ലാത്ത വരായി പോയി നിയമസഭക്കകത്തെ 140 സാമാജികരും. 2019 ഒക്ടോബര്‍ 23 ലെ മന്ത്രിസഭാ യോഗ തീരുമാനം നിലനില്‍ക്കുന്നിടത്തോളം കാലം പാസാക്കിയ പ്രമേയത്തിന് യാതൊരു നിയമ സാധുതയൊ പരിഗണനയൊ ലഭിക്കില്ലായെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് ബോധ്യമില്ലാത്തതാവാന്‍ സാധ്യതയില്ല. മലയോര ജനതയുടെ നിലനില്‍പ്പിനായി പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാറിലേക്ക് അയച്ചിട്ടുണ്ടെന്നും ,ഇനി കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ജനങ്ങളെ ബോധിപ്പിക്കാനായി ഇടത് - വലത് മുന്നണികള്‍ നടത്തിയ രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഐക്യ ഖണ്ഡേനയുള്ള പ്രമേയം.

കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ജനവാസമേഖലയെ ഒഴിവാക്കി കൊണ്ടുള്ള ബഫര്‍സോണ്‍ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ നടപടിയിലേക്ക് നീങ്ങവെയാണ് സുപ്രീം കോടതിയുടെ വിധിയുണ്ടായെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ മറ്റൊരു വാദം.

എന്നാല്‍ പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് മുമ്പ് പഞ്ചായത്ത് തലങ്ങളില്‍ യോഗം വിളിച്ചതായിട്ടൊ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ പൊതു ഹിയറിംഗ് നടത്തിയതായൊ നാളിതുവരെ യാതൊരു അറിവുമില്ല.

മാത്രവുമല്ല സംസ്ഥാന സര്‍ക്കാര്‍ അയച്ചെന്ന് പറയുന്ന പ്രെപ്പോസല്‍ പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയൊ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണെന്നും വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53988/aikaykhandena-resolution-in-buffer-zone-is-nothing-but-dust-in-the-eyes-vfarm-farmers-foundation)