---
title: "നിവേദിന്റെ മരണം പ്രതിയെ കണ്ടെത്താന്‍ നിങ്ങള്‍ക്കും സഹായിക്കാം"
english_title: "You can also help find the accused in Nived's death perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54414/you-can-also-help-find-the-accused-in-niveds-death-perambra"
published_at: "2022-07-12T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd07cda8bfa_1niveth.jpg"
keywords: []
---

# നിവേദിന്റെ മരണം പ്രതിയെ കണ്ടെത്താന്‍ നിങ്ങള്‍ക്കും സഹായിക്കാം

> **Lead Summary:** ** പേരാമ്പ്ര :** മെയ് 21 രാത്രി 9.15 ഓടെ പേരാമ്പ്ര ചാനിയംകടവ് റോഡില്‍ ചേനായി റോഡ് ജംഗ്ഷനില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ച മേപ്പയ്യൂര്‍ കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദ് (നന്ദു, 22) ന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ നിങ്ങളുടെ സഹകരണം പൊലീസിന് സഹായകമാവും.

## Article Content

** പേരാമ്പ്ര :** മെയ് 21 രാത്രി 9.15 ഓടെ പേരാമ്പ്ര ചാനിയംകടവ് റോഡില്‍ ചേനായി റോഡ് ജംഗ്ഷനില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ച മേപ്പയ്യൂര്‍ കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദ് (നന്ദു, 22) ന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ നിങ്ങളുടെ സഹകരണം പൊലീസിന് സഹായകമാവും.

മെയ് 21ന് രാത്രി 9.15 മണിയോടെയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപം അപകടമുണ്ടായത്.

പേരാമ്പ്രയില്‍ നിന്നും ജോലി കഴിഞ്ഞ് ബൈക്ക് യാത്രയിലായിരുന്ന നിവേദിനെയും, കാല്‍നടക്കാരനായ ഗായകന്‍ എരവട്ടൂരിലെ മൊയ്തിനേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിവേദിനെയും, കാലിന് പരിക്കേറ്റ മൊയ്തിയേയും രക്ഷിക്കാന്‍ ശ്രമിക്കാതെ കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.

പിന്നീട് ഓടിയെത്തിയ നാട്ടുകാരാണ് പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിവേദ് 24-ാം തിയതി രാത്രി മരണപ്പെടുകയായിരുന്നു. ഇടിച്ചത് വെള്ള/സില്‍വര്‍ കളര്‍ മാരുതി 800 കാര്‍ ആണെന്നാണ് സൂചന.

പൊലീസ് സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും നാളിതു വരെയായി ഇടിച്ച വാഹനത്തെയോ ആളുകളെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കേസിന്റെ അന്വേഷണ ചുമതല മേപ്പയ്യൂര്‍ എസ്എച്ച്ഒ കെ. ഉണ്ണികൃഷ്ണനാണ്. സബ്ബ് ഇന്‍സ്പക്ടര്‍ എന്‍.കെ ബാബു, സീനിയര്‍ സിപിഒമാരായ കെ.ഇ. രജ്ഞിത്ത്, അഷറഫ് ചിറക്കര എന്നിവരടങ്ങിയ ടീമാണ് കേസന്വേഷിക്കുന്നത്.

ഈ അപകടം നടന്ന അതേ മാത്രയില്‍ അവിടെ ഇരുചക്ര വാഹനത്തിലെത്തിയ സ്ത്രീയും പുരുഷനുമാണ് ഇവരെ ആദ്യം കാണുന്നത്. അവരാണ് യുവാവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വിളിക്കുന്നതുമെല്ലാം. ഇവര്‍ ഇടിച്ച വാഹനം കണ്ടതായി പൊലീസ് കരുതുന്നു. ഈ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കി പൊലീസിനെ സഹായിക്കാന്‍ ഇവര്‍ക്ക് കഴിയും.

വളരെ രഹസ്യമായി ഇവര്‍ക്ക് പൊലീസിനെ സമീപിച്ച് വിവരങ്ങള്‍ കൈമാറാമെന്നും യാതൊരുവിധ നിയമ നടപടികളിലും ഇവര്‍ കക്ഷിയാവുക ഇല്ലെന്നും പൊലീസ് ഇന്‍സ്പക്ടര്‍ അറിയിച്ചു. അവിടെ എത്തിയ വ്യക്തി നിങ്ങളാണെങ്കില്‍ യാതൊരു സങ്കോചവും കൂടാതെ നിങ്ങള്‍ മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്പക്ടറുമായി ബന്ധപ്പെട്ട് നിവേദിന്റെ കുടുംബത്തെ സഹായിക്കാനാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54414/you-can-also-help-find-the-accused-in-niveds-death-perambra)