---
title: "മികച്ച കര്‍ഷകയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി പെരുവണ്ണാമൂഴി സ്വദേശിനി "
english_title: "A native of Peruvannamoozhi won the National Award for Best Farmer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55425/a-native-of-peruvannamoozhi-won-the-national-award-for-best-farmer"
published_at: "2022-07-16T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2dd7994885_547sn5ko_copy.jpg"
keywords: []
---

# മികച്ച കര്‍ഷകയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി പെരുവണ്ണാമൂഴി സ്വദേശിനി 

> **Lead Summary:** **പേരാമ്പ്ര: **പെരുവണ്ണാമൂഴി സ്വദേശിനിയായ രണ്ടുപ്ലാക്കല്‍ ബിന്ദു ജോസഫിന് മികച്ച കര്‍ഷകയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് അന്ത്യോദയ കൃഷി പുരസ്‌കാരം 2021 ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്ന് ബിന്ദു ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര: **പെരുവണ്ണാമൂഴി സ്വദേശിനിയായ രണ്ടുപ്ലാക്കല്‍ ബിന്ദു ജോസഫിന് മികച്ച കര്‍ഷകയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് അന്ത്യോദയ കൃഷി പുരസ്‌കാരം 2021 ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്ന് ബിന്ദു ഏറ്റുവാങ്ങി.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കാര്‍ഷിക മേഖലയിലെ സമുന്നത നേട്ടത്തിന് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കൊടുക്കുന്ന ഈ അവാര്‍ഡ്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ കീഴില്‍ പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രമാണ് ബിന്ദുവിനെ ഈ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തത്.

രണ്ടുപ്ലാക്കല്‍ ജോജോ ബിന്ദു ദമ്പതികളുടെ വേറിട്ട കാര്‍ഷിക മുറകളെ എല്ലാവര്‍ക്കും അനുകരണീയമായ ഒരു മാതൃകയായി കാര്‍ഷിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തി. ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ വന്‍തോതിലുള്ള ഉത്പാദനം, ജൈവകൃഷിരീതികള്‍, കാര്‍ഷിക ഉപാധികളുടെ ഉത്തമമായ വിനിയോഗ രീതി, സമ്മിശ്രകൃഷി രീതികള്‍, കാര്‍ഷികവിജ്ഞാന വ്യാപനത്തിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.

ലോകത്തിലെ തന്നെ കുറ്റിക്കുരുമുളകിന്റെ ഏറ്റവും വലിയ ഉത്പാദന യൂണിറ്റ് ഇവരുടെ കൃഷിയിടത്തിലാണ് ഉള്ളത്. മികച്ച ഒരു അദ്ധ്യാപികയും സ്റ്റുഡന്റ് കൗണ്‍സിലറുമായ ബിന്ദു തന്റെ ഒഴിവു സമയത്താണ് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നത്.

കാര്‍ഷിക അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാന്‍ ഒരു ലക്ഷത്തോളം വരിക്കാരുള്ള ഒരു കാര്‍ഷിക യുട്യൂബ് ചാനലും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. വിദ്യാര്‍ത്ഥികളായ ഇഷാന്‍, എമിലിയോ എന്നിവരാണ് മക്കള്‍. കാര്‍ഷിക മേഖലയിലെ ഒട്ടേറെ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഇവരുടെ കാര്‍ഷിക മാതൃക എല്ലാവര്‍ക്കും അനുകരണീയമാണ്. ഫോണ്‍: 9446865899

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55425/a-native-of-peruvannamoozhi-won-the-national-award-for-best-farmer)