---
title: "സിപിഐ പേരാമ്പ്ര മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം"
english_title: "CPI Perambra Constituency Conference gets off to a bright start"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55525/cpi-perambra-constituency-conference-gets-off-to-a-bright-start"
published_at: "2022-07-17T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3ea326d12e_cpi2.JPG"
keywords: []
---

# സിപിഐ പേരാമ്പ്ര മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

> **Lead Summary:** ** പേരാമ്പ്ര:** കൂത്താളി സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പേരാമ്പ്രമണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കമായി. കൂത്താളി എയുപി സ്‌കൂളിലെ സ. എന്‍ കുഞ്ഞിക്യഷ്ണന്‍ നഗറില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കൂത്താളി സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പേരാമ്പ്രമണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കമായി. കൂത്താളി എയുപി സ്‌കൂളിലെ സ. എന്‍ കുഞ്ഞിക്യഷ്ണന്‍ നഗറില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജനസമൂഹങ്ങളെ ജാതിമങ്ങളുടെ അടിസ്ഥാനത്തില്‍ വിഭാഗീയവല്‍കരിക്കുകയും കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് ലാഭം ലക്ഷ്യമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയര്‍ന്നുവരണമെന്നും ആര്‍. ശശി അഭിപ്രായപ്പെട്ടു.

തൊഴിലവകാശങ്ങളും മുഴുവന്‍ ജനാധിപത്യ അവകാശങ്ങളും കാറ്റില്‍ പറത്തുന്ന ബിജെപി സംഘ പരിവാര്‍ ശക്തികളെ ഭരണകൂടത്തില്‍ പുറത്താക്കാന്‍ സിപിഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗമായ വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് പ്രഭാഷണം നടത്തി. വിശാലമായ ഭാരതീയ മൂല്യങ്ങളെ തമസ്‌കരിക്കുകയും അധികാരത്തിന് വേണ്ടി സംഘ പരിവാര്‍ ശക്തികള്‍ അവ വളച്ചൊടിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. അഡ്വ: പി. ഗവാസ്, പി.കെ. സുരേഷ്, കെ.കെ. ഭാസ്‌കരന്‍, ടി.സി. രാമര്‍ നമ്പ്യാര്‍, ടി.എം. ശശി, ശശി കിഴക്കന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

മണ്ഡലത്തിലെ വിവിധ ലോക്കലുകളില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതിനായി പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞ പ്രധാന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓര്‍മ പുതുക്കി അവരുടെ വീടുകളില്‍ നിന്ന് കുടുംബാംഗങ്ങള്‍ കൈമാറുന്ന സ്മൃതിപതാകകള്‍ പാര്‍ട്ടി ഭാരവാഹികള്‍ ഏറ്റുവാങ്ങി.

നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കുത്താളി സമര സേനാനിയും രക്തസാക്ഷിയുമായ കല്‍പത്തൂര്‍. കെ. ചോയിയുടെ സ്മൃതി മണ്ഡപത്തില്‍ വെച്ച് സിപിഐ പേരാമ്പ്ര മണ്ഡലം മുന്‍ സെക്രട്ടറി പി.കെ. സുരേഷ് ജാഥാലീഡറും എഐവൈഎഫ് മണ്ഡലം പ്രസിഡന്റുമായ പി.കെ. രാജുവിന് കൈമാറി. കൊടിമരം, മുതുകാട്ടെ സിപിഐ നേതാവായിരുന്ന സ. ടി.കെ. വാസുവിന്റെ സ്മരണയില്‍ മുതുകാട് ടൗണില്‍ നിന്ന് എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രന്‍ ജാഥാ ലീഡറും എഐടിയുസി മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.കെ. ഭാസ്‌കരനെ ഏല്‍പ്പിച്ചു.

സമ്മേളന നഗരിയിലേക്കുള്ള ബാനര്‍, നാടക നടനും ചങ്ങരോത്ത് പാര്‍ട്ടി നേതാവുമായിരുന്ന കടിയങ്ങാട് എന്‍. കുഞ്ഞികൃഷ്ണന്റെ വസതിയില്‍ വെച്ച് മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ഭാരതി ജാഥാ ലീഡറും മഹിളാ സംഘം മണ്ഡലം സെക്രട്ടറിയുമായ ഇ.സി. ശാന്തക്ക് കൈമാറി. സ്മൃതി പതാകകളും കൊടിമര-പതാക- ബാനര്‍ ജാഥകളും മൂരി കുത്തിയില്‍ സംഗമിച്ച് സമ്മേളന നഗരിയായ കൂത്താളി യുപി സ്‌കൂളിലെ എന്‍. കുഞ്ഞികൃഷ്ണന്‍ നഗറിലേക്ക് എത്തി.

സമ്മേളന നഗറില്‍ വെച്ച് പതാക സ്വാഗത സംഘം ചെയര്‍മാന്‍ ശശി കിഴക്കന്‍ പേരാമ്പ്ര, കൊടിമരം കിസാന്‍ സഭ ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഒ.ടി. രാജനും, ബാനര്‍ സിപിഐ കൂത്താളി ലോക്കല്‍ കമ്മിറ്റി അംഗം പി.ടി. കുമാരനും എന്നിവര്‍ ഏറ്റുവാങ്ങി. സമ്മേളന സ്വാഗത സംഘം രക്ഷാധികാരികളായ ടി.സി. രാമര്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സിപിഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് സ്വഗതം പറഞ്ഞ ഞടങ്ങില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.പി. രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55525/cpi-perambra-constituency-conference-gets-off-to-a-bright-start)