---
title: "ആലമ്പാറക്കാരുടെ ദുരിതയാത്രക്ക് എന്ന് അറുതിയാവും "
english_title: "The misery of the people of Alampara will come to an end"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/55659/the-misery-of-the-people-of-alampara-will-come-to-an-end"
published_at: "2022-07-18T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d507db19ff3_roadthode.jpg"
keywords: []
---

# ആലമ്പാറക്കാരുടെ ദുരിതയാത്രക്ക് എന്ന് അറുതിയാവും 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ആലമ്പാറ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന് നാട്ടുകാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴയിലാണ് റോഡിന്റെ അവസ്ഥ മാറി തോടായത്.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ആലമ്പാറ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന് നാട്ടുകാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴയിലാണ് റോഡിന്റെ അവസ്ഥ മാറി തോടായത്.

പതിറ്റാണ്ടുകളായി നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ ആലമ്പാറ പൂഴിത്തോട് റോഡില്‍ ഇപ്പോള്‍ യാത്ര അതീവ ദുഷ്‌കരമാണ്. വര്‍ഷങ്ങക്ക് മുന്‍പ് പി ഡബ്ല്യൂ ഡി ഏറ്റെടുത്തെങ്കിലും ഒരു പണിയും നടന്നിട്ടില്ല. അതിനാല്‍ തന്നെ ഈ റോഡില്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറായിരുന്നില്ല.

നിലവില്‍ പി ഡബ്ലിയു ഡി യുടെ കീഴില്‍ നിന്നും ഈ റോഡ് എടുത്തു മാറ്റിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഈ റോഡിന്റെ 150 മീറ്റര്‍ ദൂരം മാത്രം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതു കഴിഞ്ഞുള്ള, രണ്ടു കിലോമീറ്റര്‍ ദൂരത്ത് നിരവധി കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള പൊതു റോഡിന്റെ അവസ്ഥ അതി ദയനീയമാണ്.

കാല്‍നട യാത്ര പോലും ദുഷ്‌കരമാക്കുന്ന വിധത്തില്‍ ചളിക്കുഴികളാണ് നിറയെയുള്ളത്. ഈ റോഡിന്റെ ശോച്യാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന് കേരളാ കോണ്‍ഗ്രസ് ചെമ്പനോട മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പാര്‍ട്ടി സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം രാജീവ് തോമസ് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ബെന്നി പെരുമ്പില്‍ അധ്യക്ഷത വഹിച്ചു.

ടോമി വള്ളിക്കാട്ടില്‍, ബെന്നി കാഞ്ഞിരക്കാട്ടുതൊട്ടിയില്‍, വില്‍സണ്‍ തേരകത്തിങ്കല്‍, ജോസ് പൂകമല, ജോബി ഒളവക്കുന്നേല്‍, ഡയസ് കോനാട്ട്, സാബു മുളങ്ങാശ്ശേരി, ജോയിച്ചന്‍ പുറവക്കാട്ട്, തങ്കച്ചന്‍ കുമ്പളാനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/55659/the-misery-of-the-people-of-alampara-will-come-to-an-end)