---
title: "സിപിഎം-കോണ്‍ഗ്രസ്സ് തന്ത്രം വിലപ്പോവില്ല- ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് "
english_title: "CPM-Congress strategy is worthless- BJP State General Secretary M.T. Ramesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56190/bjp-state-general-secretary-mt-says-that-cpm-congress-strategy-on-buffer-zone-issue-is-futile-ramesh"
published_at: "2022-07-20T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7e8c4aa6bc_1bafan.jpg"
keywords: []
---

# സിപിഎം-കോണ്‍ഗ്രസ്സ് തന്ത്രം വിലപ്പോവില്ല- ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് 

> **Lead Summary:** **പേരാമ്പ്ര : **ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി രക്ഷപെടാനുള്ള സിപിഎം-കോണ്‍ഗ്രസ്സ് തന്ത്രം വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

## Article Content

**പേരാമ്പ്ര : **ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി രക്ഷപെടാനുള്ള സിപിഎം-കോണ്‍ഗ്രസ്സ് തന്ത്രം വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നുണ പ്രചാരണത്തിനെതിരെയും, ജനവാസ കേന്ദ്രത്തെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതിനെതിരെയും ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ചക്കിട്ടപാറയില്‍ സംഘടിപ്പിച്ച ബഹുജന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനാതിര്‍ത്തിക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന സുപ്രീം കോടതി വിധി കേരളത്തെ ബാധിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഉമ്മന്‍ ചാണ്ടി പിണറായി സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ നിന്നു രക്ഷപെടാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവസരമുണ്ടായിരുന്നെങ്കിലും കേരളം അത് പ്രയോജനപ്പെടുത്തിയില്ലെന്നും തമിഴ്‌നാട്, ഗോവ, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ ഈ അവസരം പ്രയോജനപ്പെടുത്തി അതാതു സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയില്‍ നിന്നു രക്ഷപെടാന്‍ വഴിയൊരുക്കിയതായും രമേശ് ചൂണ്ടിക്കാട്ടി.

നിയമത്തിന്റെ വഴി തേടുകയെന്നുള്ളതാണ് കേരളത്തിനു മുന്നിലുള്ള പോം വഴി. ഇതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ ബിജെപി പിന്തുണ നല്‍കുമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് ബഫര്‍ സോണിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ തെരുവിലിറക്കി സമരം നടത്തിച്ച് വിഢികളാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടു ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. കെ. രാഘവന്‍, ബാബു പുതുപ്പറമ്പില്‍, എം. പ്രകാശന്‍, തറമല്‍ രാഗേഷ്, കെ.എം. സുധാകരന്‍, പി.ബി. സന്തോഷ്, ടി.എം ഹരിദാസ്, സുനില്‍ മാക്കുന്നുമ്മല്‍, പി.സി. പ്രസന്ന, ജോസ് സിറിയക്, ശ്രീനിവാസന്‍ മനക്കല്‍, ശ്രീധരന്‍ പടിഞ്ഞാറത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56190/bjp-state-general-secretary-mt-says-that-cpm-congress-strategy-on-buffer-zone-issue-is-futile-ramesh)